സ്പ്രിംഗ്ലർ വിഷയത്തിൽ സർക്കാരിന്റെ വീഴ്ച: പരിശോധിക്കാൻ രണ്ടംഗ സമിതി

തിരുവനന്തപുരം : സ്പ്രിംഗ്ലർ വിഷയത്തിൽ സർക്കാരിന് വീഴ്ചപറ്റിയോ എന്ന് പരിശോധന നടത്താൻ രണ്ടംഗ സമതിയെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയുമായ മാധവൻ നമ്പ്യാരുമാണ് സമിതി അംഗങ്ങൾ.

ഡാറ്റ ഇടപാടിൽ വീഴ്ചവന്നോ, വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് മനഃപൂർവ്വമായിരുന്നോ എന്നീ കാര്യങ്ങളാണ് ഇവർ പരിശോധിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഈ ഇടപാടുകൾ
നിയമവകുപ്പ് അറിഞ്ഞുകൊണ്ടാണോ എന്നും ഐടി സെക്രട്ടറി ഏകപക്ഷീയമായിട്ടാണോ കാര്യങ്ങൾ നടത്തിയതെന്നും സമിതിയുടെ പരിശോധനാ വിഷയങ്ങളിൽപ്പെടും. ഈ കാര്യങ്ങളിൽ പരിശോധന നടത്തി
15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം സ്പ്രിംഗ്ലർ വിഷയത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനമാണ് ഉണ്ടായത്.
കമ്പനിയുമായുണ്ടാക്കിയ കരാറിൽ സർക്കാർ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഈ ഡാറ്റകൾ സുരക്ഷിതമാണോ എന്ന കാര്യം കോടതിയെ വ്യക്തമായി അറിയിക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.