ചെന്നൈ: കൊറോണ ബാധിച്ചു മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍. ഞായറാഴ്ച രാത്രിയാണ് നഗരത്തിലെ പ്രമുഖ ന്യൂറോസര്‍ജനും സ്വകാര്യ ആശുപത്രി ചെയര്‍മാനുമായ ഡോക്ടര്‍ മരിച്ചത്. അര്‍ധരാത്രിയോടെ മൃതദേഹം സംസ്കരിക്കുന്നതിനായി വേലങ്കാട് ശ്മശാനത്തിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു. ഈ സമയം, കല്ലുകളും വടികളുമായി നാട്ടുകാര്‍ ശ്മശാനത്തിനു സമീപം ഒത്തുകൂടി.
സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം സംസ്കരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റി തുടങ്ങിയതോടെ ആളുകള്‍ കല്ലെറിയാന്‍ തുടങ്ങുകയുമായിരുന്നു. കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്നു മൃതദേഹവുമായി ആംബുലന്‍സ് ശ്മശാനത്തില്‍നിന്നു മടങ്ങിപ്പോയി. പിന്നീട് പോലീസ് സംരക്ഷണത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. അതേ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.