കൊറോണ നെഗറ്റീവ് ആണെന്ന റിപ്പോർട്ടുമായി വരണം: അല്ലാത്ത മുസ്ലീങ്ങള്‍ക്ക് ചികിത്സ നല്‍കില്ലെന്ന് ആശുപത്രി പരസ്യം

മീററ്റ്: കൊറോണ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന ഫലവുമായി വരാത്ത മുസ്ലീങ്ങള്‍ക്ക് ചികിത്സ നല്‍കാനാവില്ലെന്ന പത്രപരസ്യവുമായി യുപിയിലെ ആശുപത്രി. രോഗിയെ കൂടാതെ കൂടെ എത്തുന്നവരും കൊറോണ ബാധിച്ചിട്ടില്ലെന്ന പരിശോധനാഫലവുമായി എത്തിയില്ലെങ്കില്‍ ആശുപത്രി അവരെ സ്വീകരിക്കില്ലെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. മീററ്റിലെ വാലന്റിസ് കാന്‍സര്‍ ആശുപത്രി ഹിന്ദി ദിനപത്രത്തില്‍ പരസ്യം നല്‍കിയത്. ഏപ്രില്‍ 17ന് വന്ന പരസ്യത്തില്‍ എന്തെങ്കിലും അടിയന്തര സാഹചര്യത്തില്‍ വരുന്ന രോഗിയാണെങ്കില്‍ ആശുപത്രി അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്നും അതിന് 4,500 രൂപ ഈടാക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ദില്ലിയില്‍ നടന്ന തബ്ലീഗ് ജമാഅത്ത് മതസമ്മേളനമാണ് രാജ്യത്ത് വൈറസ് പടര്‍ത്തിയതെന്നും ആശുപത്രി ആരോപിക്കുന്നു. 11 പോയിന്റുകള്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രി പത്രത്തില്‍ പരസ്യം നല്‍കിയത്.