ദുബായ്: ഗൾഫിലെങ്ങും ആശങ്ക പടർത്തി കൊറോണ കേസുകളിൽ വൻ വർധന. വെള്ളിയാഴ്ച മാത്രം ഗൾഫ് നാടുകളിൽ രണ്ടായിരത്തോളം പേരിലാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ദിനം പ്രതി രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് സംഭവിക്കുന്നത്. വരുന്ന ഒരാഴ്ച ഗൾഫ് നാടുകളിൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടാകുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. ഇതനുസരിച്ചായിരിക്കും എല്ലായിടത്തും പുതുതായി കടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുക. രോഗബാധിതരെ കൂടുതലായി കണ്ടെത്തിയ മേഖലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ദുബായിൽ ഒരാഴ്ചത്തേക്ക് കൂടി ലോക് ഡൗൺ നീട്ടി.
യു.എ.ഇ.യിൽ 477 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്ത് മൊത്തം രോഗികളുടെ എണ്ണം 6,302 ആയി. എന്നാൽ 1,188 പേർ രോഗമുക്തരാകുകയും ചെയ്തു.
കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ 762 പേർക്ക് രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 87 ആയി. രോഗം ബാധിച്ചവരുടെ മൊത്തം എണ്ണം 7,142 ആയും ഉയർന്നു. 6006 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 74 പേരുടെ നില ഗുരുതരമാണ്. എന്നാൽ 1,049 പേർ രോഗമുക്തരായിട്ടുണ്ട്.
രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1658 അയി ഉയർന്നു. ഇതിൽ 924 പേരും ഇന്ത്യക്കാർ ആണ്. വെള്ളിയാഴ്ച 64 ഇന്ത്യക്കാരടക്കം 134 പേർക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ പുതുതായി 560 പേരിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഖത്തറിൽ രോഗികളുടെ മൊത്തം എണ്ണം 4663 ആയി.