ന്യൂഡെല്‍ഹി: നിസാമുദ്ദീനില്‍ വിവാദ മതസമ്മേളനം നടത്തിയ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.
കള്ളപ്പണം വെളിപ്പിക്കല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജമാഅത്ത് ട്രസ്റ്റുകളുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ പോലീസ് ഇദ്ദേഹത്തിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
ഏതാനും ദിവസങ്ങളായി തബ്ലീഗ് ജമാഅത്തിന്റേയും ഭാരവാഹികളുടെയും പണ ഇടപാടുകള്‍ ഏജന്‍സി അന്വേഷിച്ചുവരികയായിരുന്നു. ബാങ്കുകളില്‍ നിന്നും സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നും വിവിധ രേഖകള്‍ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു. സംഘടനയ്ക്ക് വിദേശത്തുനിന്നും സ്വദേശത്തുനിന്നും ലഭിച്ച ഫണ്ടുകള്‍ ഇഡി പരിശോധിച്ചുവരികയാണ്.
ക്വാറന്റൈനില്‍ പ്രവേശിച്ച സാദിനെ ചോദ്യം ചെയ്യുന്നതിന് ഇഡി ഉടനെ സമന്‍സ് അയക്കുമെന്നാണ് കരുതുന്നത്. ക്വാറന്റൈന് കാലാവധി കഴിയുന്ന തിങ്കളാഴ്ച അദ്ദേഹം അന്വേഷണ സംഘവുമായി സഹകരിക്കണ്ടതാണ്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്നകാര്യം ആരോഗ്യ വിദഗ്ധരുമായി ഇഡി അഭിപ്രായം തേടിയിരിക്കുകയാണ്.