തിരുവനന്തപുരം: ഗര്‍ഭിണികളേയും ചികിത്സക്കായി കേരളത്തിലേക്ക് എത്തുന്നവരേയും ചെക്ക്‌പോസ്‌റ്റ് കടത്തി വിടാന്‍ മാര്‍ഗ നിര്‍ദേശങ്ങളായി. ചീഫ് സെക്രട്ടറിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് എത്തുന്നവരേയും പാസിന്റേയും സത്യവാങ്‌മൂലത്തിന്റേയും അടിസ്ഥാനത്തിലാവും കടത്തി വിടുക.
പ്രസവത്തിനും ചികിത്സക്കുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളീയര്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ശ്രമിച്ച ഗര്‍ഭിണിയെ മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ വെച്ച് തടഞ്ഞിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇവര്‍ക്ക് യാത്ര ഇളവ് അനുവദിച്ചത്.
കേരളത്തിലേക്ക് എത്തുന്ന ഗര്‍ഭിണികള്‍ക്ക് പ്രസവ തിയതി രേഖപ്പെടുത്തിയതും, റോഡ് മാര്‍ഗം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതി സാക്ഷ്യപ്പെടുത്തിയതുമായ ഗൈനക്കോളജിസ്‌റ്റിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് വേണം. ഇപ്പോള്‍ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരില്‍ നിന്ന് ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ യാത്രാ പാസ് വാങ്ങണം. ഗര്‍ഭിണികള്‍ക്കൊപ്പമുള്ള കുട്ടികളേയും കടത്തി വിടും. എന്നാല്‍ വാഹനത്തില്‍ മൂന്ന് പേരില്‍ കൂടുതല്‍ പാടില്ല. സാമൂഹിക അകലം പാലിക്കണം.
ചികിത്സിക്കാന്‍ എത്തുന്നവര്‍ എവിടെ നിന്നാണോ എത്തുന്നത് അവിടുത്തെ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. കളക്ടറുടെ സമ്മതപത്രത്തോടെ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതര്‍ വാഹനപാസ് നല്‍കും. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ രോഗിക്കൊപ്പം ഉണ്ടാവാന്‍ പാടുള്ളു.