തിരുവനന്തപുരം: ഹോട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താമെന്ന് എന്നാൽ തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൊഴിലുടമയ്ക്കായിരിക്കും ഇതിന്റെ ചുമതല. വ്യവസായ മേഖലയിൽ കഴിയുന്നത്ര പ്രവർത്തനം ആരംഭിക്കും. കേന്ദ്രമാനദണ്ഡങ്ങൾ ഇതിനും ബാധകമാണ്. പ്രത്യേക പ്രവേശന കവാടം വേണം. ജീവനക്കാർക്കു വാഹന സൗകര്യവും ഏർപെടുത്തണം.
കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ ഒരു സമയം 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ.
റബർ സംസ്കരണ യൂണിറ്റുകൾക്കും പ്രവർത്തന അനുമതി ലഭിച്ചു. ലൈഫ് പദ്ധതി ഉൾപ്പെടെ കെട്ടിടനിർമാണ പ്രവര്‍ത്തനങ്ങൾ തുടരാം. തദ്ദേശ സ്ഥാപനങ്ങൾ ഇതിന് ആവശ്യമായ അനുമതി നൽകണം. കാർഷിക വൃത്തി എല്ലാ പ്രദേശങ്ങളിലും അനുവദിക്കണം. കാർഷികോല്‍പന്നങ്ങൾ സംഭരിച്ച് മാർക്കറ്റിലെത്തിച്ചു വിൽപന നടത്താം. വെളിച്ചെണ്ണ ഉൾപ്പെടെ ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കാം. കാർഷികമൂല്യ വർധിക ഉൽപ്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്കും അനുമതിയായി.
അക്ഷയ സെന്ററുകൾ തുറക്കാം. പഞ്ചായത്ത് ഓഫിസുകളും വില്ലേജ് ഓഫിസുകളും കൃഷി ഭവനുകളും തുറക്കണം. ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോതെറപ്പി യൂണിറ്റുകൾ തുറക്കാം. തദ്ദേശ സ്ഥാപനങ്ങൾ മൊബൈൽ മെഡിക്കൽ യൂണിറ്റ്, ടെലിമെഡിസിൻ സൗകര്യങ്ങൾ ഒരുക്കണം. ഡോക്ടർമാർക്ക് വീടുകളിലെത്തി രോഗികളെ പരിശോധിക്കാൻ വാഹനസൗകര്യം നൽകും. ബാർബർ ഷോപ്പുകൾ തുറക്കാം. എസി പാടില്ല. രണ്ടുപേരിൽ കൂടുതൽ കടയിലുണ്ടാകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.