ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനയ്ക്ക്(ഡബ്ല്യുഎച്ച്ഒ) നല്‍കിവന്ന സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ യുഎന്‍ രംഗത്ത്. കൊറോണ വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെയോ മറ്റേതെങ്കിലും സംഘടനകളുടെയോ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തടയാനുള്ള സമയമല്ലെന്ന് അമേരിക്കയോട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
കൊറോണ വൈറസിനെയും അതിന്റെ പ്രത്യാഘാതങ്ങളെയും തടയാന്‍ രാജ്യാന്തര സമൂഹം ഐക്യത്തോടെ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും – ഗുട്ടെറസ് പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.
കൊറോണ വൈറസ് രോഗത്തെ കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്നാരോപിച്ചാണ് ട്രംപ് ഭരണകൂടം സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത്.