വിദ്യാഭ്യാസ, മതസ്ഥാപനങ്ങൾ ആരാധനാലയങ്ങൾ അടച്ചിടണം; നിയന്ത്രണങ്ങൾ തുടരുമെന്ന് മാർഗരേഖ; കാർഷിക മേഖലയിൽ ഇളവ്

ന്യൂഡല്‍ഹി : രാജ്യവ്യാപക അടച്ചിടല്‍ മെയ് മൂന്നുവരെ നീട്ടിക്കൊണ്ടുള്ള ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടര്‍ന്നും അടഞ്ഞു തന്നെ കിടക്കും. പൊതുഗഗതാഗതത്തിനുള്ള വിലക്ക് തുടരുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

മാർഗനിർദേശങ്ങൾ ഇങ്ങനെ :

കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇളവ് നല്‍കും.
പൊതുഗതാഗതത്തിന് ഇളവില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞ് തന്നെ കിടക്കും.
ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കും.
വ്യോമ, ട്രെയിന്‍ ഗതാഗതം ആരംഭിക്കില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല.
സ്വകാര്യ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും.
ഒരു രാഷ്ട്രീയ യോഗവും പാടില്ല.
മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.

റോഡ്, റെയില്‍വേ ഗതാഗതം പുനഃസ്ഥാപിക്കുന്നത് ആലോചിക്കാവുന്ന സാഹചര്യത്തിലല്ല. അതേസമയം റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം തുടരും. മരുന്നുകള്‍, കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും മെയ് മൂന്നുവരെ നിര്‍ബന്ധമായും അടഞ്ഞു കിടക്കണം. സംസ്‌കാര ചടങ്ങുകളിലെ നിയന്ത്രണം തുടരും. നിയന്ത്രിത ഇളവുകള്‍ അനുവദിക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.