ന്യൂഡെൽഹി: രാജ്യത്തെ 170 ജില്ലകൾ കൊറോണ തീവ്രബാധിത മേഖലകളാണെന്നും 207 ജില്ലകളെ രോഗം പടരാൻ സാധ്യതയുള്ള സ്ഥലങ്ങളായി തരംതിരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊറോണ വ്യാപനം തടയുന്നതിന് രാജ്യത്തെ ജില്ലകളെ മൂന്നായി തിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കും. കാെറോണ കേസുകള്‍ കുറവ് റിപ്പോര്‍ട്ട് ചെയ്ത ജില്ലകളെ നോണ്‍ – ഹോട്ട്‌സ്‌പോട്ട് ജില്ലകളായി പ്രഖ്യാപിക്കും. കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളെ ഗ്രീന്‍ സോണുകളായും തിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹോട്ട് സ്‌പോട്ടുകളും ഗ്രീൻ സോണുകളും എല്ലാ ജില്ലകളിലും തരംതിരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തീവ്രബാധിത മേഖലകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. തീവ്രബാധിത മേഖലകളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. രോഗലക്ഷണം ഉള്ള ആളുകളുടെ സാമ്പിൾ പരിശോധിക്കും. കൊറോണ ചികിത്സക്ക് മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം. എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണം വേണം. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.