ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലായിരിക്കേ, പോലീസുകാരന്റെ ദേഹത്ത് തുപ്പിയ യുവാവിനെതിരെ കേസ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കറങ്ങിനടന്നത് ചോദ്യം ചെയ്തതില്‍ കുപിതനായ യുവാവ് പോലീസുകാരന്റെ നേര്‍ക്ക് തുപ്പുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുളള റോഡിലൂടെ ഇയാള്‍ കടന്നുകളഞ്ഞു. എപിഡമിക് ഡീസിസ് നിയമം അനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനുളള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹിയിലാണ് സംഭവം. വടക്കന്‍ ഡല്‍ഹിയില്‍ ലാഹോരി ഗേറ്റ് മേഖലയില്‍ ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെക്ക്‌പോയിന്റില്‍ എഎസ്‌ഐയും ഒന്നിലധികം പൊലീസുകാരും ഡ്യൂട്ടിയില്‍ നില്‍ക്കുന്ന സമയത്താണ് യുവാവിന്റെ മോശം പെരുമാറ്റം. യുവാവ് റോഡിലൂടെ കറങ്ങിനടക്കുന്നത് ചോദ്യം ചെയ്തതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണം. കുപിതനായ യുവാവ് പൊലീസുകാരന് അരികില്‍ തുപ്പിയശേഷം കടന്നുകളയുയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. എപിഡമിക് ഡീസിസ് നിയമത്തിന് പുറമേ മറ്റു ചില വകുപ്പുകളും ചേര്‍ത്താണ് യുവാവിനെതിരെ കേസെടുത്തത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുഇടങ്ങളില്‍ തുപ്പുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.