വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവർ,ഭയന്നതില്ല നമ്മളെത്ര ഗർജനങ്ങൾ കേട്ടവർ’ ; ആശയം മനോജ് എബ്രഹാമിന്റേത് ; കണ്ടത് നാലുലക്ഷത്തിലധികം പേർ

കൊച്ചി:’വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവർ,ഭയന്നതില്ല നമ്മളെത്ര ഗർജനങ്ങൾ കേട്ടവർ’ എന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്. എ ഡി ജി പി മനോജ് എബ്രഹാമിന്റെ ആശയത്തിൽ പിറന്നതാണ് ഈ ഗാനം. കൊച്ചി മെട്രോ പൊലീസ് സി ഐ അനന്തലാലും സംഘവുമാണ് വീഡിയോ ഒരുക്കിയിട്ടുള്ളത്. മ്യൂസിക് വീഡിയോയുടെ സംവിധാനവും ആലാലപനവും നിർവഹിച്ചതും അദ്ദേഹം തന്നെ.

മഹാപ്രളയം വിതച്ച നാശത്തിന്റെ മുന്നിലും നിപ്പ വൈറസിന്റെ മുന്നിലും തോൽക്കാതെ നിന്ന കേരളക്കര കൊവിഡിനും കീഴടങ്ങില്ല എന്നാണ് ഗാനത്തിലൂടെ നമ്മെ ഓർമിപ്പിക്കുന്നത്. ഗാനരചിയതാവായ ഡോ. മധു വാസുദേവനാണ് ‘നിർഭയ’ത്തിന്റെ രചന. ഈണം പകർന്നിരിക്കുന്നത് ഋത്വിക് എസ് ചന്ദാണ്. ഗായകനായ നജീം അർഷാദും സംഘവും ഗായകരായി സി ഐ അനന്തലാലിനൊപ്പമുണ്ട്.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വെള്ളിയാഴ്ച വൈകിട്ട് ഈ ഗാനം റീലീസ് ചെയ്തത്. നാലുലക്ഷത്തിലധികം പേർ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.’കരുതലുണ്ട്.. കാവലായ്.. ഞങ്ങളുണ്ട് കൂട്ടിനായി…’ എന്ന കുറിപ്പോടുകൂടിയാണ് ഈ ഗാനം ഫേസ്ബുക്കിൽ പങ്കു വെച്ചിരിക്കുന്നത്.