കാസർകോട് : കാസർകോട് നിയന്ത്രണങ്ങൾ കടുക്കുന്നു. ജില്ലയിൽ ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കൊറോണ രോഗികള്‍ കൂടുതലുള്ള ഇടങ്ങളിലാണ് കര്‍ശന നിയന്ത്രണം. നെല്ലിക്കുന്ന്, തളങ്കര, ചൂരി, കളനാട് എന്നിവിടങ്ങളിലാണ് നിയന്ത്രണം. ഈ സ്ഥലങ്ങളില്‍ ഐജിയുടെ നേതൃത്വത്തിൽ എപ്പോഴും പരിശോധന ഉണ്ടാകും.
അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്കില്‍ പെട്രോളിംഗ് നടത്തും. ഇതിനായി കൂടുതൽ പോലീസിനെ വിന്യസിക്കും. കൂടാതെ ഈ പ്രദേശങ്ങളിലെ ഡ്രോൺ നിരീക്ഷണവും കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഓരോ വീടിനു മുന്നിലും ഓരോ പോലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. നേരത്തെ ജില്ലയില്‍ ക്ലസ്റ്റര്‍ ലോക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് വിജയമാണെന്ന വിലയിരുത്തലിലാണ് പോലീസ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.
ഇന്നലെ 3 പേർക്ക് കൂടിയാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. ഇന്നലെ മുതൽ തന്നെ ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു. മാസ്ക് ധരിക്കാതെ പുറത്തു ഇറങ്ങുന്നവർക്ക് മേൽ കേസ് എടുക്കുമെന്ന് ഡി വൈ എസ് പി പറഞ്ഞിരുന്നു.