ന്യൂ ഡൽഹി: ഹൈഡ്രോക്സി ക്ലോറോക്വിൻ ഉദ്പാദനം കുത്തനെ കൂട്ടിയതായി സിഡസ് കാഡില സി.ഇ.ഒ പങ്കജ് പട്ടേല്‍. കൊറോണക്ക് എതിരെ ഈ മരുന്ന് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയതോടെയാണ് മരുന്നിന്റെ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്.20 കോടി ഗുളികകളാണ് ഈ മാസം ഉത്പാദിപ്പിക്കുന്നതെന്ന്
സിഡസ് കാഡില സി.ഇ.ഒ പങ്കജ് പട്ടേൽ വ്യക്തമാക്കി. മരുന്നിന്റെ ഉത്പാദനം വർധിപ്പിക്കണമെന്ന് യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
യു.എസിന് പുറമേ വിവിധ രാജ്യങ്ങള്‍ ഹൈഡ്രോക്സി ക്ലോറോക്വിന്റെ ആവശ്യം അറിയിച്ച് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. സ്പെയിൻ, ജർമനി, ബെഹ്റിൻ, ബ്രസീൽ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലദീപ്, ബംഗ്ലാദേശ് തുടങ്ങിയ 13 രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയക്കുന്നതിനുള്ള ആദ്യ പട്ടികയും തയ്യാറാക്കി ക്കഴിഞ്ഞു.
അടുത്ത മാസം 15 കോടി ഗുളികകൾക്ക് തുല്യമായ 30 ടൺ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങൾ (എ.പി.ഐ) ഉത്പാദിപ്പിക്കുമെന്നും സി.ഇ.ഒ അറിയിച്ചു. ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. ആഭ്യന്തര വിപണിയിലേക്ക് മാത്രമല്ല, ആവശ്യമെങ്കിൽ ലോക രാജ്യങ്ങളിലേക്ക് വിതരണം ചെയ്യാനും ആവശ്യമായ സ്റ്റോക്ക് ഉണ്ടെന്ന് സി.ഇ.ഒ പങ്കജ് പട്ടേൽ വ്യക്തമാക്കി.
അതേസമയം മറ്റു രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയച്ചതോടെ ഇന്ത്യയ്ക്ക് ആവശ്യമായ മരുന്നിനു കുറവ് ഉണ്ടായി എന്ന ആക്ഷേപം ഉയർന്നിരുന്നു.