തിരുവനന്തപുരം :സംസ്ഥാനത്ത് ആവശ്യമായ മരുന്ന് സ്റ്റോക്കുണ്ടെന്ന് ആരോഗ്യ മന്ത്രി പറയുമ്പോഴും കാരുണ്യ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് ക്ഷാമം. മരുന്ന് കിട്ടാതെ വലയുകയാണ് നിർധന രോഗികൾ. ജീവൻ രക്ഷാ മരുന്നുകൾക്ക് പോലും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ലോക്‌ഡൗണിനു ശേഷം കാരുണ്യ മെഡിക്കൽ സ്റ്റോറുകളിലേക്ക് മരുന്നുകൾ വരാത്തതാണ് പ്രതിസന്ധിക്ക് കാരണം. മറ്റു മെഡിക്കൽ സ്റ്റോറുകൾ മരുന്നുകൾക്ക് ഈടാക്കുന്ന വിലയേക്കാൾ കുറഞ്ഞ വിലക്കാണ് കാരുണ്യ മെഡിക്കൽ സ്റോറുകളിൽ നിന്നു മരുന്നുകൾ ലഭിക്കുന്നത്. ഇതു നിർധനരോഗികൾക്ക് വലിയൊരു ആശ്വാസമായിരുന്നു.
കാരുണ്യ ഫണ്ടിന്റെ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ഫാര്‍മസികളില്‍ നിന്നും സൗജന്യമായാണ് മരുന്നുകൾ ലഭിച്ചിരുന്നത്. എന്നാല്‍ രണ്ടാഴ്ചയായി ഫാര്‍മസികളില്‍ മരുന്നുകളില്ല. ഗുരുതരമായ രോഗം ഉള്ളവർക്ക് പോലും മരുന്നുകൾ മുഴുവനും ലഭിക്കുന്നില്ല.
ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഡോക്ടര്‍മാരെ കണ്ട് പകരം മരുന്നുകള്‍ എഴുതിക്കാനും ഇവർക്ക് കഴിയുന്നില്ല. ഇതോടെ വന്‍വില ഈടാക്കുന്ന സ്വകാര്യമെഡിക്കല്‍ സ്‌റ്റോറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. മറ്റു മെഡിക്കൽ സ്റ്റോറുകളിലും മരുന്നുകളുടെ കുറവ് നേരിടുന്നുണ്ട്. സ്റ്റോക്ക് എടുക്കുവാൻ പോലും ആളുകൾ ഇപ്പോൾ വരുന്നില്ല എന്നാണ് മെഡിക്കൽ സ്റ്റോർ ഉടമകൾ പറയുന്നത്. ബ്രാൻഡഡ് കമ്പനികൾ ഒക്കെയും ഉത്പാദനം നിർത്തി വെച്ചതിനാൽ കൊച്ചു കുട്ടികൾക്ക് ഉള്ള നാൻ, സിർലാക്ക് പോലുള്ള ഭക്ഷ്യ വസ്‌തുക്കളുടെ ലഭ്യതയും കുറഞ്ഞു വരുകയാണ്. അതേസമയം രോഗികൾക്ക് വേണ്ട അവശ്യ മരുന്നുകൾ ഓർഡർ അനുസരിച്ചു അവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇത് വെറും പാഴ് വാക്കായിരിക്കുകയാണ്. എന്നാൽ ചില സന്നദ്ധ സംഘടനകൾ മരുന്നെത്തിക്കാൻ സജീവമായി രംഗത്തുണ്ട്.