കേരളത്തിന് അപൂർവ്വ നേട്ടം; കൊറോണ ഭേദമായവരുടെ പ്ലാസമ ഉപയോഗിച്ച് ചികിൽസ ഉടൻ; കാത്തിരിക്കുന്നത് ഡ്രഗ്സ് കൺട്രോളറുടെ അനുമതി

തിരുവനന്തപുരം: കൊറോണ ഭേദമായവരുടെ രക്തത്തിലെ പ്ലാസമ ഉപയോഗിച്ച് കൊറോണ രോഗികളുടെ ചികത്സ നടത്താൻ സംസ്ഥാനത്തിന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അനുമതി. എന്നാൽ ഡ്രഗ്സ് കൺട്രോളറുടെ അനുമതി കൂടി ലഭിച്ചാലേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവൂ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന് ഈ അനുമതി ലഭിക്കുന്നത്.
കൊറോണ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ഈ രീതിയിൽ ചികിൽസിച്ചാണ് രക്ഷപെടുത്തിയത്. അതുകൊണ്ട് തന്നെ ഈ ചികിത്സാരീതി വിജയകരമാകാൻ ഏറെ സാദ്ധ്യതകൾ ഉണ്ടെന്നാണ് വിദഗ്ധ സമിതി വിലയിരുത്തുന്നത്.ഗുരുതരാവസ്ഥയിൽ ഉള്ളവർക്കും വെന്റിലേറ്ററിലേക്ക് മാറ്റിയവർക്കും ഏറെ പ്രയോജനകരമാണിത്.
രോഗമുക്തി നേടിയവരിലെ ആന്റിബോഡി അടങ്ങിയ പ്ലാസ്മയാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.വൈറസ് ബാധിച്ചയാളുടെ തുടർച്ചയായ രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായാലാണ് രോഗമുക്തി നേടിയെന്ന് ഉറപ്പാക്കാനാകുന്നത്. തുട‌ർന്ന് 14 ദിവസത്തിന് ശേഷം രക്തം പരിശോധനയ്ക്ക് നൽകാം. രക്തദാനത്തിന് നിലവിലുള്ള പ്രോട്ടോക്കോളിൽ വ്യത്യാസം വരുത്തിയെങ്കിൽ മാത്രമേ ഇത്തരത്തിലുള്ള ടെസ്റ്റിന് രക്തം ശേഖരിക്കാൻ സാധിക്കുകയുള്ളു.
രക്തദാനം നടത്തുന്നവർക്ക് മൂന്നു മാസത്തിനിടെ പനിയോ ശ്വാസകോശ രോഗങ്ങളോ പാടില്ലെന്നും വിദേശയാത്രയും ഉണ്ടാകരുതെന്നുമുള്ള നിബന്ധനകളിൽ നിലനില്കുന്നുണ്ട്. ഈ നിബന്ധനകൾക്ക് ഇളവ് കിട്ടിയാൽ മാത്രമേ രോഗമുക്തി നേടിയവരിൽ നിന്നു രക്തം സ്വീകരിക്കാൻ കഴിയു.

കൊറോണ ബാധിച്ച് മാരകാവസ്ഥയിലായവർക്ക് ഈ ചികിത്സ ഏറെ ഫലപ്രദമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം.
55കിലോ ഭാരമുള്ള ഒരാളുടെ ശരീരത്തിൽ നിന്നു 800മില്ലി വരെ പ്ലാസമ എടുക്കാം. ഇതിൽ 200 മില്ലി മതിയാകും ഒരു രോഗിക്ക്. അങ്ങനെയെങ്കിൽ ഒരാളുടെ ശരീരത്തിലെ പ്ലാസമ കൊണ്ട് നാല് പേരുടെ ജീവൻ രക്ഷിക്കാനാകും. ഒരിക്കൽ പ്ലാസ്മ നൽകിയ ആൾക്ക് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും നൽകാം.