പെരുമ്പാവൂർ: ഇത് പെരുമ്പാവൂർ ,ബംഗാളികളടക്കം ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രം. അതു കൊണ്ട് വളരെ സൂക്ഷിക്കണം. പോലീസിനും ഇത് നന്നായി അറിയാം. അതു കൊണ്ട് തന്നെ
ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടു പോയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സമയം കൊല്ലാൻ ചീട്ടും, ടിവിയും, ക്യാരംസ് ബോർഡും വാങ്ങി നൽകി പോലീസ്. ഇന്ന് വൈകുന്നേരമാണ് 5 ടിവിയും 6 ക്യാരംസ് ബോർഡുകളും വിതരണം ചെയ്തത്. എന്ന് വീട്ടിൽ പോകാനാകുമെന്ന ആശങ്കയോടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഇതേറ്റുവാങ്ങിയത്. ഇക്കാര്യം അവർ പോലീസിനോടും തിരക്കി.
ചപ്പാത്തി നിർമാണത്തിന് മെഷീൻ, വാടക ഒഴിവാക്കൽ, ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കു പുറമെയാണ് പുതിയ സൗകര്യങ്ങൾ.
മൂവായിരത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അത്യാവശ്യ ഘട്ടം വന്നാൽ പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്.
ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം,വിശ്രമിക്കാനുള്ള സൗകര്യം, കിടന്ന് ഉറങ്ങുവാനുള്ള സൗകര്യം, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യം എന്നിവയാണ് സ്കൂളിൽ ഇവർക്കായി ഒരുക്കുന്നത്.
കഴിഞ്ഞ പ്രളയ കാലത്തും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് ആയിരുന്നു പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. അന്നു പക്ഷേ പ്രളയത്തിൽ അവരുടെ സകലതും മുങ്ങിത്താണിരുന്നു കേറികിടക്കാൻ സ്ഥലമോ, കഴിക്കാൻ ഭക്ഷണമോ, മാറാൻ വസ്ത്രമോ ഉണ്ടായിരുന്നില്ല.
സൗകര്യങ്ങൾ സംബന്ധിച്ച് ജില്ല പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സൗകര്യങ്ങൾ നൽകാൻ തീരുമാനമെടുത്തതന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പാലക്കാട്ടുതാഴം പാലത്തിന് സമീപമുള്ള ഭായി കോളനിയിൽ അയ്യായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണുള്ളതെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. ഇവിടെ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് റൂറൽ എസ്പി ഉൾപ്പെടെ ജില്ലാ ഭരണകൂടം ഇവിടം സന്ദർശിച്ച് ചർച്ച നടത്തി സൗകര്യങ്ങൾ നൽകാൻ തീരുമാനിച്ചത്.എന്നാൻബംഗാൾ കോളനിയിലെ ഇതര സംസ്ഥാന തൊഴിലാളികളെ സ്കൂളുകളിലേക്ക് മാറ്റുന്ന നീക്കത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ രംഗത്ത് വന്നു
ഇവർക്ക് ആവശ്യമായ ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ പൊതു അടുക്കള കോളനിയിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നതിനാൽ ഇപ്പോൾ അവിടെ നിന്ന് മാറ്റേണ്ട കാര്യമില്ല.
കൊറോണ ഇപ്പോഴും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഉചിതമല്ലെന്നും ആ നടപടികൾ നിർത്തിവെക്കണമെന്നും ജില്ല കലക്ടർ , മൂവാറ്റുപുഴ ആർ.ടി.ഒ എന്നിവരോട് എം.എൽ.എ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ മാറ്റേണ്ട ആവശ്യം വരികയാണെങ്കിൽ വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ സൗകര്യം കൂടിയ വിദ്യാലയങ്ങൾ ക്യാമ്പുകളാക്കി മാറ്റി അവിടെ താമസിപ്പിക്കുണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചങ്ങനാശേരി പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ച പശ്ചാത്തലത്തിൽ പെരുമ്പാവൂരിൽ ഇപ്പോഴും അതിജാഗ്രതയിലാണ്. ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന സ്ഥലങ്ങളിൽ പൊലീസിന്റെയും റവന്യു വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ബോധവൽക്കരണം നടക്കുന്നുണ്ട്.