കൊറോണ വാർഡിൽ മദ്യപാനം; പഞ്ചായത്ത് അംഗമടക്കം മൂന്നു പേർ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിൽ താത്കാലികമായി തയ്യാറാക്കിയ കൊറോണ ഐസോലേഷൻ വാർഡിനുള്ളിൽ മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് കൃഷ്ണപ്രസാദ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉത്തം തരേയ് പഞ്ചായത്ത് സമിതി അംഗമാണ്. നുവാപഡയിലെ ഐസോലേഷൻ വാർഡിനുള്ളിൽവെച്ച് ഇവർ മദ്യപിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

സംഭവം വിവാദമായതോടെ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസറെ സസ്പെൻഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പാർപ്പിക്കാനായാണ് പ്രദേശത്ത് താത്കാലികമായ ഐസോലേഷൻ വാർഡുകൾ സ്ഥാപിച്ചത്. ഇവിടെവെച്ചായിരുന്നു ലോക്ക്ഡൗൺ കാലത്തും പഞ്ചായത്ത് സമിതി അംഗം ഉൾപ്പെടെ മദ്യപാനം നടത്തിയത്.