കല്‍പ്പറ്റ: വയനാട്ടില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. വിദേശത്തുനിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. തൃശ്ശൂരിലും മൂന്നുപേര്‍ രോഗമുക്തി നേടിയതിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങി. ഫ്രാന്‍സില്‍നിന്നെത്തിയ ദമ്പതികളും ദുബായില്‍നിന്നെത്തിയ ചാവക്കാട് സ്വദേശിയുടെ ഭാര്യയുമാണ് രോഗമുക്തി നേടിയത്.
വയനാട്ടില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് 109 പേര്‍ ചൊവ്വാഴ്ച വീടുകളിലേക്ക് മടങ്ങിയിരുന്നു. ജില്ലയില്‍ 169 പേരാണ് വിവിധ കൊറോണ കെയര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ചശേഷം ചെക്ക് പോസ്റ്റുകളില്‍ എത്തിയവരായിരുന്നു ഇവര്‍. ബാക്കിയുള്ളവര്‍ കൊറോണ കെയര്‍ സെന്ററുകളില്‍ കര്‍ശന നിരീക്ഷണത്തില്‍ തുടരുകയാണ്. കണ്ണൂരിൽ പല നിരീക്ഷണ ക്യാമ്പുകളിലായി കഴിയുകയായിരുന്ന മുഴുവൻ പേരെയും വീടുകളിലേക്ക് മടക്കി അയച്ചു. വിവിധ ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന 235 പേരിൽ ഒരാൾക്ക് പോലും രോഗലക്ഷണങ്ങളില്ലാത്തതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ഇവര്‍ വീടുകളിൽ 14 ദിവസം കൂടി ക്വാറന്‍റൈനില്‍ കഴിയണം. സംസ്ഥാനത്ത് കൊറോണ രോഗം ഭേദമായവരിൽ കൂടുതൽ പേരും കണ്ണൂരിൽ നിന്നുള്ളവരാണ്. രോഗം ബാധിച്ച 56 പേരില്‍ 28 പേരാണ് ഇതുവരെ ആശുപത്രി വിട്ടത്.