ന്യൂഡെൽഹി: കൊറോണ വ്യാപന ഭീതിയെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഇക്കാര്യത്തിൽ ചർച്ചകളും ആലോചനകളും തുടരുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗൺ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ പത്ത് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. ലോക്ക് ഡൗൺ പിൻവലിച്ചാലും കടുത്ത നിയന്ത്രണം വേണമെന്നാണ് മറ്റു ചില സംസ്ഥാനങ്ങൾ നൽകിയ നിർദേശം. മറ്റു പത്ത് സംസ്ഥാനങ്ങൾ കൂടി ഇതേ നിലപാട് എടുത്തേക്കും എന്നാണ് സൂചന.
കേരളമടക്കം പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടില്ല. എല്ലാവരുടേയും അഭിപ്രായം അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപനം നടത്തും എന്നാണ് സൂചന. ആരോഗ്യമേഖലയിലെ വിദഗ്ദ്ധരെല്ലാം ലോക്ക്ഡൗണ്‍ ഇനിയും നീട്ടണം എന്ന അഭിപ്രായം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ നിലയിൽ ആലോചനകൾ നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാരിലെ ഉന്നത വൃത്തങ്ങൾ ഇപ്പോൾ സൂചിപ്പിക്കുന്നത്.