ചങ്ങനാശേരി: ലോകമെങ്ങും കൊറോണ വൈറസിനെതിരേ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദനങ്ങളും സ്നേഹാശംസകളുമായി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ലോക്കമെമ്പാടുമുള്ള, പ്രത്യേകിച്ചു കേരളത്തിലുള്ള ആരോഗ്യ പ്രവർത്തകരെ അനുസ്മരിക്കുന്നതായി ലോകാരോഗ്യ ദിന സന്ദേശത്തിൽ മെത്രപൊലീത്ത വ്യക്തമാക്കുന്നു.
കേരളത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രശംസനീയമായ വിധം ആതുര ശുശ്രുഷ ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് മാർ പെരുന്തോട്ടം നന്ദി അറിയിച്ചു.
“നഴ്‌സിംഗ് ഒരു പ്രഫഷൻ എന്നതിലുപരി സ്നേഹപൂർവമായ മനുഷ്യ സേവനമാണ് എന്നു തെളിയിക്കുന്ന രീതിയിലാണ് അവർ പ്രവർത്തിക്കുന്നത്.’
ഈ രംഗത്ത് പ്രവർത്തിക്കുന്നത് ഭൂരിഭാഗവും സ്ത്രീകളാണ്. സ്വജീവൻ അവഗണിച്ചു പോലും മറ്റുളളവരെ ശുശ്രൂഷിക്കാൻ രാപകലില്ലാതെ അദ്ധ്വാനിക്കുന്ന അവരുടെ ജീവിതങ്ങൾ എത്ര ധന്യമാണ്.
പലയിടങ്ങളിലും ഇവരുടെ സുരക്ഷക്ക് തന്നെ അപകടമാണ് എന്നു കേൾക്കുന്നു. അതത് മേഖലകളിലെ അധികൃതർ അവരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.
നീണ്ട മണിക്കൂറുകൾ സേവനം കഴിഞ്ഞു മടങ്ങിയെത്തുന്ന ഇവർക്ക് ശരിയായ താമസ സൗകര്യങ്ങൾ അടക്കം എല്ലാ സഹായസഹകരണങ്ങളും ഒരുക്കണമെന്നു പിതാവ് ഓർമിപ്പിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.
സ്വന്തക്കാരുടെയും കുടുംബത്തിന്റെയും സാമീപ്യവും ആശ്വാസവുമില്ലാതെ അവരുടെ വിവരങ്ങൾ പോലും അറിയാനാകാതെ ക്ലേശിക്കുന്ന ആരോഗ്യ പ്രവർത്തകരെ തന്റെ അനുദിന പ്രാർത്ഥനകളിലും അർപ്പിക്കുന്ന ബലികളിലും ഓർക്കുന്നുണ്ട്. അദ്ദേഹം ഓർമിപ്പിക്കുന്നു. ഒരിക്കൽ കൂടി തന്റെ അഭിവാദനങ്ങളും സ്നേഹാശംസകളുമാർപ്പിച്ചു കൊണ്ട് തന്റെ ഇടയ സന്ദേശം മാർ ജോസഫ് പെരുന്തോട്ടം ഉപസംഹരിക്കുന്നു.