അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരരുത്, 65 ന് മേൽ പ്രായമുള്ളവര്‍ പുറത്തിറങ്ങരുത്; 42 ദിവസത്തിനകം നിയന്ത്രങ്ങൾ പിന്‍വലിക്കുന്നതിനുളള മാര്‍ഗരേഖ പുറത്ത്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന് വിദഗ്ധ സമിതി സമര്‍പ്പിച്ച വിശദമായ മാര്‍ഗരേഖ നാളെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഏപ്രില്‍ 15 മുതല്‍ മൂന്നു ഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാണു സമിതിയുടെ ശുപാര്‍ശ.14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളായി നിയന്ത്രണം നീക്കാനാണ് ശുപാർശ. ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളായാണു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക.
65 വയസ്സിനു മുകളിലുള്ളവര്‍ പുറത്തിറങ്ങരുത്, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും പുറത്തിറങ്ങരുത്, വാഹനങ്ങള്‍ ഒറ്റ, ഇരട്ട നമ്പറുകള്‍ പ്രകാരം നിയന്ത്രിക്കും, ഞായറാഴ്ചകളില്‍ കടുത്ത വാഹന നിയന്ത്രണം, 5 പേരില്‍ കൂടുതല്‍ ഒരാവശ്യത്തിന് ഒത്തുചേരരുത്, മതപരമായ ചടങ്ങുകള്‍ക്കും കൂട്ടം കൂടരുത്, ബാങ്കുകള്‍ക്കു സാധാരണ പ്രവൃത്തി സമയം എന്നിങ്ങനെയാണ് ഒന്നാം ഘട്ടത്തിലെ മാര്‍ഗരേഖയിലെ മറ്റു നിര്‍ദേശങ്ങള്‍.
ഓരോ ദിവസത്തെയും കേസുകളും വ്യാപന രീതികളുടെയും അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. ഘട്ടങ്ങള്‍ക്ക് ഇടയില്‍ വീണ്ടും രോഗികളുടെ എണ്ണം വര്‍ധിക്കുകയോ, രോഗവ്യാപനം ഉയരുകയോ ചെയ്താല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം. ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ലോക്ഡൗണ്‍ എങ്ങനെ പരിഗണിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. അന്തിമ തീരുമാനം കേരളം നാളെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.
ഒരാഴ്ച ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ആദ്യ ഘട്ടം തുടങ്ങാം.നിരീക്ഷണത്തിലുളളവരുടെ എണ്ണം പത്തുശതമാനത്തില്‍ കൂടരുത്. ജില്ലയില്‍ ഒരു ഹോട്‌സ് പോട്ടും പാടില്ല എന്നതാണ് മാര്‍ഗരേഖയിലെ മറ്റൊരു നിര്‍ദേശം. ഒന്നാം ഘട്ടത്തില്‍ വീടിന് വെളിയില്‍ ഇറങ്ങുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. പുറത്തിറങ്ങണം എങ്കില്‍ മുഖാവരണം വേണം, ആധാറോ, തിരിച്ചറിയല്‍ കാര്‍ഡോ കൈവശം വേണം, യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം, തുറക്കുന്ന സ്ഥാപനങ്ങളില്‍ സാനിറ്റൈസേഷന്‍ സംവിധാനം വേണം, നിയമപരമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം, ഒരാള്‍ക്കു മാത്രമേ ഒരു വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ, മൂന്ന് മണിക്കൂര്‍ മാത്രമായിരിക്കും പുറത്തുപോകാന്‍ അനുവദിക്കുന്ന സമയം എന്നിങ്ങനെയുളള നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. 14 ദിവസത്തിനുളളില്‍ ഒരു പുതിയ കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കാമെന്ന് മാര്‍ഗരേഖ പറയുന്നു. നിരീക്ഷണത്തിലുളളവരുടെ എണ്ണം അഞ്ചുശതമാനത്തില്‍ കൂടരുത്, ഒരു കൊറോണ ഹോട്ട് സ്‌പോട്ടും പാടില്ല എന്നിങ്ങനെയുളള കാര്യങ്ങളും രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ശ്രദ്ധിക്കണമെന്നും വിദഗ്ധ സമിതിയുടെ മാര്‍ഗരേഖയില്‍ പറയുന്നു. 14 ദിവസത്തിനിടെ ഒരു കൊറോണ കേസും ഉണ്ടാകരുത്, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയാകണം, സംസ്ഥാനത്തെവിടെയും ഒരു കൊറോണ ഹോട്‌സ്‌പോട്ടും പാടില്ല എന്ന നിലയിലേക്ക് സംസ്ഥാനം കടന്നാല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കാമെന്നും മാര്‍ഗരേഖ പറയുന്നു.