ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാമ്പത്തിക ക്രമീകരണം നടത്തി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കും. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് ഉണ്ടാകില്ല. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും കൊറോണ പ്രതിരോധ പദ്ധതിക്കായി ഉപയോഗിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. എംപിമാരുടെ ശമ്പളത്തില്‍ 30 ശതമാനം കുറവ് വരുത്താനാണ് തീരുമാനം. നിലവില്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള ബില്ലുകളുടെ അടിസ്ഥാനത്തിലാണ് എംപിമാരുടെ ശമ്പളം കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്നത്. ഈ ബില്ല് ഭേദഗതി ചെയ്ത് ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കും.
കൂടാതെ രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് അനുവദിക്കില്ല. എംപി ഫണ്ട് സഞ്ചിത നിധിയിലേക്ക് പോകും. 2020-2021, 2021-2022 വര്‍ഷങ്ങളിലെ എംപി വികസന ഫണ്ടാണ് വേണ്ടെന്ന് വയ്ക്കുന്നത്.