ലണ്ടൻ: ലണ്ടനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷിന്റോ ജോര്‍ജ് (36) ആണ് മരിച്ചത്. കൊറോണ ബാധിച്ച് ലണ്ടനില്‍ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഷിന്റോ. കൊറോണ ബാധിച്ച് ഇതുവരെ 16 മലയാളികളാണ് വിദേശത്ത് മരിച്ചത്. ലണ്ടനിലെ റെഡ് ഹില്ലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു സിന്റോ ജോർജ്. എന്നാൽ ഇടയ്ക്ക് റസ്റ്റോറന്റിൽ പാർട്ട് ടൈമായും ജോലി ചെയ്തിരുന്നു ഇദ്ദേഹം.
രണ്ടാഴ്ച മുമ്പാണ് സിന്റോയ്ക്ക് അസുഖം സ്ഥിരീകരിച്ചത്. ലണ്ടനിൽ നിയന്ത്രണങ്ങൾ തുടങ്ങിയതിനാൽ ഇദ്ദേഹം ഒരു മാസമായി ആശുപത്രിയിൽ ജോലിക്ക് പോയിരുന്നില്ല. എന്നാൽ ഇടയ്ക്ക് രണ്ട് ദിവസം ഒരു റസ്റ്റോറന്റിൽ പാർട് ടൈമായി ജോലി ചെയ്യാൻ പോയിരുന്നു. സിന്റോയുടെ അയൽപക്കത്തെ കുടുംബത്തിലുള്ളവർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റസ്റ്റോറന്റിൽ നിന്നാണോ അടുത്ത വീട്ടിൽ നിന്നാണോ ഇദ്ദേഹത്തിന് അസുഖം പകർന്നത് എന്നതിൽ വ്യക്തതയില്ല. അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്ഥിതി ഗുരുതരമായി. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായി. തുടർന്ന് മരണം സംഭവിക്കുകയായായിരുന്നു.