കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. അതുകൊണ്ട് തന്നെ ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ എട്ടാം തീയതി വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ആറാം തീയതി മുതല്‍ ഏഴാം തീയതി വരെ തെക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ മുന്നറിയിപ്പ്.