തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 13 പേർക്ക്. കാസർകോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്. കാസർകോട് 6 പേർ വിദേശത്തുനിന്നു വന്നവരാണ്. 3 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം പകർന്നത്. മലപ്പുറത്തും കൊല്ലത്തും ഉള്ള രോഗികൾ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. പത്തനംതിട്ടയിലെ രോഗി വിദേശത്തുനിന്നു വന്നതാണ്.സംസ്ഥാനത്ത് കൊറോണ വ്യാപനം തടയാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
വിവിധ രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ ആണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ 327 പേർക്കു സംസ്ഥാനത്ത് രോഗം വന്നു. 266 പേർ ചികിത്സയിലാണ്. 1,52,804 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 10,716 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. കൊല്ലം, തൃശൂർ, കണ്ണൂര് ജില്ലകളിൽ ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗവ്യാപനം തടുത്തുനിർത്താൻ ഒരു പരിധിയോളം നമുക്ക് സാധിക്കുന്നുണ്ട്. പൊതുവിൽ സമൂഹത്തിൽ സ്വീകരിച്ച നടപടികൾ രോഗവ്യാപനം നിയന്ത്രിച്ചുനിർത്താൻ കാരണമായി. ലോകത്താകെയുള്ള സ്ഥിതിഗതികൾ നമ്മെയാകെ അസ്വസ്ഥരാക്കുന്നു. യുകെയിൽ മരിച്ച മലയാളി ഉൾപ്പെടെ 18 മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചത്.