ഇന്ത്യയിൽ 24 മണിക്കൂറിനിടെ 693 കൊറോണ ബാധിതര്‍ ; മരണം 111

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ അതിവേഗത്തില്‍ പടരുന്നതായി കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇക്കാര്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് അറിയിച്ചത്. രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 4,067 ആയി ഉയര്‍ന്നു.
രാജ്യത്ത് 111 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച മാത്രം 30പേര്‍ മരിച്ചു. മരിച്ചവരില്‍ 63ശതമാനം പേരും അറുപതുവയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. 40 – 60 വയസ്സിനിടെയുള്ള 30 ശതമാനം പേരും കൊറോണബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. 40 വയസ്സില്‍ താഴെയുള്ള ഏഴുശതമാനം പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതിനോടകം 1,100 കോടിരൂപ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും ലവ് അഗര്‍വാള്‍ അറിയിച്ചു. ഇവരില്‍ 1,445 പേര്‍ക്ക് തബ്‌ലിഗ് ജമാഅത്തുമായി ബന്ധമുണ്ട്. കൊറോണ സ്ഥിരീകരിച്ചവരില്‍ 76 ശതമാനവും പുരുഷന്മാരും 24 ശതമാനം പേര്‍ സ്ത്രീകളുമാണെന്നുമാണ് കണക്കുകള്‍. ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോകൈ്വന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.