വാഷിംഗ്ടണ്‍: രാജ്യത്ത കോവിഡ് ബാധിതരുടൈ എണ്ണം അവിശ്വസനീയമായി ഉയരുന്നതിനിടെ ജനങ്ങൾ എല്ലാവരും മാസ്ക് ധരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയം, താൻ മാസ്ക് ധരിക്കില്ലെന്നും അത് തന്റെ മാത്രം ഇഷ്ടമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോകനേതാക്കളെ മാസ്ക് ധരിച്ചുകൊണ്ട് അഭിസംബോധന ചെയ്യാൻ തനിക്ക് ആകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ അവലോകന യോഗത്തിനു ശേഷമുള്ള പതിവ് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
ജനങ്ങൾ മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി) ഉടൻ തന്നെ ഇത് സംബന്ധിച്ച നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സർജിക്കൽ ഗ്രേഡ് മാസ്കുകൾ ലഭിക്കുമെന്ന് കരുതരുതെന്നും അത് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി കരുതി വച്ചിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അതിനാൽ വീട്ടിൽ തന്നെ മാസ്കുകൾ നിർമിച്ച് ഉപയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്ക് വയ്ക്കുന്നത് ഓരോരുത്തരും അവരവരുടെ കടമയായി കാണണമെന്നും ട്രംപ് നിർദേശിച്ചു.