കുവൈറ്റ്: കൊറോണ വൈറസ് ബാധയെ തുടർന്ന് കുവൈറ്റിൽ ആദ്യ മരണം സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ജാബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇന്ത്യക്കാരനാണു മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നെഞ്ചു വേദനയെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യക്കാരൻ താമസിച്ചിരുന്നത് നേരത്തേ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടയാൾ താമസിച്ചിരുന്ന കെട്ടിടത്തിലായിരുന്നു.
ഇതെ തുടർന്ന് മൃതദേഹത്തിൽ നിന്നും എടുത്ത സ്രവ പരിശോധനയിൽ ഇയാൾ വൈറസ് ബാധിതനായി കണ്ടെത്തിയിരുന്നു. ഇയാളുടെ മരണ കാരണം ഹൃദയാഘാതമാണോ കൊറോണ വൈറസ് മൂലമാണോ എന്നതിൽ വ്യക്തത വരുത്തുന്നതിനു കുവൈറ്റ് ആരോഗ്യമന്ത്രാലയം ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം തേടിയിരിക്കുകയാണ്.
ഇതിനിടയിലാണു വൈറസ് ബാധയേറ്റ് മറ്റൊരു ഇന്ത്യക്കാരൻ മരിച്ച വാർത്ത പുറത്ത് വന്നത്. രാജ്യത്തെ ആദ്യ കൊറോണ വൈറസ് മരണമാണിത്.