ന്യൂഡെല്‍ഹി: ഡെല്‍ഹി സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് നേഴ്‌സുമാര്‍ക്ക് കൂടി രോഗ ബാധ. ഇതോടെ അണു നശീകരണത്തിനും മറ്റുമായി ആശുപത്രി പൂട്ടി.
വിദേശത്തെങ്ങും പോകുകയോ കൊറോണ രോഗിയെ ചികിത്സിക്കുകയോ ചെയ്യാതെയായിരുന്നു ആദ്യം ഇവിടേയുള്ള ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടു തന്നെ ഡോക്ടര്‍ക്ക് എങ്ങനെയാണ് കൊറോണ പിടിപെട്ടത് എന്നത് സംബന്ധിച്ച് അവ്യക്തക തുടരുകയാണ്. പ്രത്യേകിച്ച് ലക്ഷണമൊന്നും കാണിക്കാതെയായിരുന്നു ഡോക്ടര്‍ക്ക് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെ 19 ആളുകള്‍ നിരീക്ഷണത്തിലായിരുന്നു. ഇവരിൽ രണ്ട് നേഴ്‌സുമാര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് യു.കെയില്‍ നിന്നെത്തിയ സഹോദരനെ ഡോക്ടര്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷെ സഹോദരന് കൊറോണ പോസീറ്റാവാണെന്ന് തെളിഞ്ഞിട്ടുമില്ല. എങ്കിലും ഈ സന്ദര്‍ശനം വഴിയാവാം ഡോക്ടര്‍ക്ക് രോഗം പിടിപെട്ടത് എന്നാണ് സംശയം.