വാഷിംഗ്ടൺ: ലോകത്തെ ഭയപ്പെടുത്തി കൊറോണ വൈറസ് ഭീകരർ. എല്ലാ രാജ്യങ്ങളും ഭീതിയുടെ നിഴലിലാണ്. ഇന്നലെയോടെ ലോകമെങ്ങും മരിച്ചവരുടെ എണ്ണം 50,000 കടന്നു. കണക്കുപ്രകാരം മരണസംഖ്യ 51,548 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ നാലായിരത്തിലേറേ പേർ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണവും ക്രമാധീതമായി വർധിക്കുകയാണ്. ലോകത്ത് കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 1,003,834 ആയി വർധിച്ചു.
ഒരു ദിവസം 950 പേർ മരിച്ചതോടെ സ്പെയിനിൽ കൊറോണ മരണം 10,000 കവിഞ്ഞു. ഇറ്റലി കഴിഞ്ഞാൽ ഏറ്റവുമധികം മരണം സ്പെയിനിലാണ്. കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തിലും മരണസംഖ്യ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായതിലും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ 5 ആഴ്ചയ്ക്കിടെയാണു വൈറസ് വ്യാപനം അതിവേഗമായത്.
ലാറ്റിനമേരിക്കൻ– കരീബിയൻ രാജ്യങ്ങളിലായി ആകെ രോഗികൾ 20,000 കവിഞ്ഞു. മരണം 500. ബ്രസീലിൽ ആണ് ഏറ്റവും കൂടുതൽ രോഗികൾ. ഇക്വഡോറിലെ തുറമുഖ നഗരമായ ഗുവാക്വിലിലെ വീടുകളിൽ നിന്നു സൈന്യം 150 മൃതദേഹങ്ങൾ കണ്ടെടുത്തു.
കൊറോണ ഏറ്റവും കൂടുതൽ ആൾനാളം വിതച്ച ഇറ്റലിയിൽ മരണം 13,915 ആയി. സ്പെയിനിൽ 10,096 പേരും അമേരിക്കയിൽ 5,712 പേരും മരിച്ചു. ഫ്രാൻസിൽ മരണം 4,500 പിന്നിട്ടു. മറ്റുരാജ്യങ്ങളിലെല്ലാം മരണസംഖ്യ വർധിക്കുകയാണെങ്കിലും ചൈനയിൽ വ്യാഴാഴ്ച ആറ് പേർ മാത്രമാണ് മരണപ്പെട്ടത്. ആകെ മരണം 3,318 ആയി. ജർമനിയിൽ 1,090 പേരും ഇറാനിൽ 3,160 പേരും ബ്രിട്ടണിൽ 2,912 പേരും വൈറസ് ബാധയിൽ മരിച്ചു.
അതേസമയം ലോകത്താകമാനം 210,500 പേർക്ക് ഇതുവരെ രോഗം ഭേദമായി. അമേരിക്കയിലാണ് കൂടുതൽ രോഗബാധിതരുള്ളത്. 237,497 പേർക്ക് യുഎസിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയിൽ രോഗികളുടെ എണ്ണം 1.15 ലക്ഷവും സ്പെയിനിൽ 1.10 ലക്ഷവും പിന്നിട്ടു. ജർമനിയിൽ 84,000 രോഗികളുണ്ട്. ഫ്രാൻസിൽ രോഗികളുടെ എണ്ണം 60,000ത്തിലേക്ക് അടുക്കുന്നു. ഇറാനിലും വൈറസ് ബാധിതരുടെ എണ്ണം 50.000 പിന്നിട്ടു.
അതേസമയം ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് 2069 പേർക്കാണ് കൊറോണ ഇതിനോടകം സ്ഥിരീകരിച്ചത്. ഇതിൽ 1860 പേർ ചികിത്സയിലാണ്. 155 പേർ രോഗമുക്തി നേടി. 53 പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേർക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
വിവിധ രാജ്യങ്ങളിലെ സ്ഥിതി
യുകെ: കൊറോണ മരണം 24% വർധിച്ച് 2921 ആയി. ഒരു ദിവസം മരണം അഞ്ഞൂറിലേറെ. ആകെ രോഗികൾ 33,718.
ഇറാൻ: മരണം 3,000 കവിഞ്ഞു. ഇന്നലെ മാത്രം 124 മരണം. രാജ്യത്തെ രോഗികൾ അരലക്ഷം. ബിസിനസ് സ്ഥാപനങ്ങൾ 27% ജീവനക്കാരെ വെട്ടിക്കുറച്ചു.
ഇസ്രയേൽ: ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്‌മനും (71) ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ലിറ്റ്‌സ്‌മനുമായി അടുത്തിടപഴകിയ മൊസാദ് തലവൻ യോസി കോയെൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേർ ബിൻ ഷബാത് അടക്കം ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരും ഇതോടെ ഐസലേഷനിലായി. ആകെ രോഗികൾ 6000. മരണം 29.
ഉത്തര കൊറിയ: രാജ്യത്തു കൊറോണ വൈറസ് എത്തിയിട്ടില്ലെന്ന് ആവർത്തിച്ച് ഉത്തര കൊറിയ. ജനുവരിയിൽ രാജ്യം അതിർത്തികൾ അടച്ചിരുന്നു.