തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്കു ഡോക്ടറുടെ കുറിപ്പിന്മേൽ മദ്യം നൽകാമെന്ന സർക്കാർ ഉത്തരവിനെത്തുടർന്നു ലഭിച്ച അപേക്ഷയിൽ സംസ്ഥാനത്ത് അഞ്ചു പേർക്കു പെർമിറ്റ് അനുവദിച്ചു. കണ്ണൂർ, കൊല്ലം ജില്ലകളിൽ നിന്നും അപേക്ഷിച്ചവർക്കാണു പെർമിറ്റ് നൽകിയത്. രണ്ടു ദിവസത്തിനുള്ളിൽ 39 അപേക്ഷകളാണ് ഇത്തരത്തിൽ ലഭിച്ചത്.
അതേസമയം ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള ഉത്തരവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിഷേൻ (ഐഎംഎ) ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐ എം എയുടെ ഭാഗമായ നാഷണൽ മെന്റൽ ഹെൽത്ത് വിംഗ് ആണ് ഹർജി സമർപ്പിച്ചത്.
ഡോക്ടർമാരുടെ കുറിപ്പുകൾ പരിഗണിക്കുന്നതിൽ കർശന മാനദണ്ഡമാണ് എക്സൈസ് വകുപ്പ് സ്വീകരിച്ചിട്ടുളളത്. സർക്കാർ ആശുപത്രിയിൽ ഒ പി ടിക്കറ്റെടുത്ത് ഡോക്ടർമാരെ കാണുന്ന രോഗികൾക്ക് നൽകുന്ന കുറിപ്പടി മാത്രം സ്വീകരിച്ചാൽ മതിയെന്നാണ് എക്സൈസ് തീരുമാനം. ഡോക്ടറുടെ കുറിപ്പടിയിൽ “ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം’ എന്ന് എഴുതി നൽകിയാൽ മതി എന്നാണു സർക്കാർ ഉത്തരവിലുള്ളത്.