ന്യൂഡെൽഹി: പരിഭ്രാന്തി പരത്തി ഡെൽഹിയിൽ മൂന്ന് ഡോക്ടർമാർക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 32 കാരനായ ശിശുരോഗ വിദഗ്ദ്ധൻ, അദ്ദേഹത്തിന്റെ ഭാര്യ സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർ, ദില്ലി കാൻസർ ആശുപത്രിയിലെ കാൻസർ രോഗ വിദഗ്ദ്ധൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടർമാരുടെ എണ്ണം ആറായി. സംസ്ഥാനത്ത് ഇതുവരെ 121 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 24 പേരും ദില്ലി നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരാണ്. രണ്ട് പേർ ഇതിനോടകം രോഗം ബാധിച്ച് മരിച്ചു.
ഇന്ന് കൊറോണ സ്ഥിരീകരിച്ച ശിശുരോഗ വിദഗ്ദ്ധൻ ഈസ്റ്റ് പട്ടേൽ നഗറിലെ സർദാർ വല്ലഭായി പട്ടേൽ ആശുപത്രിയിലെ ഡോക്ടറാണ്. ഇദ്ദേഹത്തിന്റെ ഭാര്യ സഫ്ദർജംഗ് ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. ഇതിന് തൊട്ടുമുൻപാണ് 35കാരനായ കാൻസർ രോഗ വിദഗ്ദ്ധന് കൊറോണ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ദിവസത്തേക്കാണ് അടച്ചത്. ഹരി നഗറിലെ മൊഹല്ല ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്തിരുന്ന രണ്ട് ഡോക്ടർമാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.