കേരളത്തില്‍ രണ്ടാമത്തെ മരണം പോത്തൻകോട്ട്; സമ്പർക്കത്തിലൂടെയെന്ന് സംശയം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന പോത്തൻകോട് സ്വദേശി മരിച്ചു. പോത്തൻകോട് സ്വദേശി റിട്ട. എ എസ് ഐ അബ്ദുൾ അസീസ് (68) ആണ് മരിച്ചത്. സംസ്ഥാനത്ത് കൊറോണ ബാധിച്ചുള്ള രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ദുബായിൽ നിന്ന് മടങ്ങിയെത്തിയ മട്ടാഞ്ചേരി സ്വദേശിയാണ് സംസ്ഥാനത്ത് ആദ്യം രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടുകൂടിയാണ് അബ്ദുൾ അസീസ് മരിച്ചത്. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.സമ്പർക്കത്തിലൂടെയാണ് അബ്ദുൾ അസീസിന് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. കുറെ ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

ചികിൽസയിലിരിക്കെ കിഡ്നികളുടെ തകരാറായതിനെത്തുടർന്ന് ഡയാലിസിസും നടത്തിയിരുന്നു. അബ്ദുൾ അസീസിന് എങ്ങനെയാണ് കൊറോണ ബാധിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ആദ്യ പരിശോധനിൽ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിച്ചു.

സമ്പർക്കത്തിലൂടെയാണ് കൊറോണ ബാധിച്ചതെന്നാണ് നിഗമനം. വേങ്ങോടെ ആരോഗ്യകേന്ദ്രത്തിലും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസയ്ക്കായി പോയിരുന്നു. കൊറോണ ലക്ഷണങ്ങളിൽ സംശയ തോന്നി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്.

മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹചടങ്ങില്‍ പങ്കെടുത്തു. കാസര്‍കോട്, ചെന്നൈ സ്വദേശികളും ചടങ്ങിനെത്തിയതായി വിവരമുണ്ട്.  മാർച്ച് 2, 11, 18, 21 തിയതികളിൽ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 20- വരെ വീടിന് സമീപമുള്ള പള്ളിയിലും പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോകാറുണ്ടായിരുന്നു. ഇയാള്‍ എത്തിയതായി സ്ഥിരീകരിച്ച ബാങ്കുകളിലെ ജീവനക്കാരടക്കമുള്ളവരോട് നിരീക്ഷണത്തില്‍ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.  ഇദ്ദേഹത്തെ ചികിൽസിച്ച നാലു ഡോക്ടർമാരും നിരീക്ഷണത്തിലാണ്.