വിദേശത്തു നിന്നെത്തിയ മകനെ പങ്കെടുപ്പിച്ച് ആർഭാട വിവാഹം; വനിതാലീഗ് നേതാവിനെതിരേ കേസ്

കോഴിക്കോട്: വിദേശത്ത് നിന്നെത്തിയ മകനെ പങ്കെടുപ്പിച്ച്‌ മകളുടെ വിവാഹം നടത്തിയതിന് വനിതാ ലീഗ് നേതാവ് നൂര്‍ബീന റഷീദിനെതിരെ കേസ് എടുത്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കൊറോണ നീരിക്ഷണത്തിൽ കഴിയാൻ ഇവരുടെ മകനോട് ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ മകന്റെ സാന്നിധ്യത്തിൽ നടന്ന വിവാഹത്തിൽ 50ല്‍ അധികം അതിഥികളും പങ്കെടുത്തു.
ഈ മാസം 14നാണ് മകന്‍ അമേരിക്കയില്‍ നിന്നെത്തിയത്. മാര്‍ച്ച്‌ 21നായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.നൂര്‍ബീന റഷീദിന്റെ വീട്ടില്‍ വച്ച്‌ തന്നെയായിരുന്നു വിവാഹം.
ഇവര്‍ക്കെതിരെ ആരോഗ്യവകുപ്പ് നിയമ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്. ഐപിസി 269, 188 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് നൂര്‍ബിന. മുന്‍ വനിതാ കമ്മീഷന്‍ അംഗവുമാണ് നൂര്‍ബീന.