ആലപ്പുഴ: കായംകുളം മുതുകുളത്ത് തോട്ടില്‍ വീണ് ഇരട്ട സഹോദരങ്ങള്‍ മുങ്ങി മരിച്ചു. മുതുകുളം തെക്ക് പുത്തന്‍വീട്ടില്‍ പരേതനായ ഉദയന്റെയും രമയുടേയും മക്കളായ അഖില്‍(28 ), അരുണ്‍ (28 ) എന്നിവരാണ് മുങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇവരുടെ പിതാവ് ഉദയന്‍ പത്ത് ദിവസം മുന്‍പാണ് മരിച്ചത്. സംസ്ക്കാരത്തിനായി മുറിച്ച മരത്തിന്റെ ചില്ലകള്‍ വീടിനു സമീപത്തെ തോട്ടില്‍ കിടക്കുകയായിരുന്നു. തോടിന് സമീപത്ത് നിന്ന് ഇത് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. അഖില്‍ തോട്ടിലേക്ക് കാല് വഴുതി വീഴുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അരുണും തോട്ടിലേക്ക് വീഴുകയായിരുന്നു. കനകക്കുന്ന് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.