തിരുവനന്തപുരം: രാജ്യം സമ്പൂർണമായി അടച്ചിട്ടതോടെയുള്ള ഭക്ഷ്യധാന്യ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തെ ജനങ്ങൾക്ക്
അരിയടക്കമുള്ള അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ മന്ത്രിസഭാ തീരുമാനം.
ബിപിഎൽ മുൻഗണനാ ലിസ്റ്റിലുള്ളവർക്ക് 15 കിലോ അരിയും അവശ്യ സാധനങ്ങ ളും തദ്ദേശ സ്ഥാപനങ്ങൾ വഴി വീടുകളിൽ നേരിട്ടെത്തിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്.
മാവേലി സ്റ്റോറുകൾ, സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ എന്നിവടങ്ങളിലൂടെ അല്ലെങ്കിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളിൽ എത്തിക്കുക എന്ന മാർഗങ്ങളാണ് സർക്കാർ ആലോചിക്കുന്നത്.
വിതരണം റേഷൻ കടകളിലൂടെ ആക്കിയാൽ തിരക്കിനിടയാകുമെന്നതിനാലാണ് വീട്ടിലെത്തിക്കുന്നത് ആലോചിക്കുന്നത്. കഴിഞ്ഞ വെള്ളപൊക്കക്കാലത്ത് ചില സ്ഥലങ്ങളിൽ ഭക്ഷ്യസാധനങ്ങൾ ഈ രീതിയിൽ വീടുകളിലെത്തിച്ചിരുന്നു.
ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ സിവിൽസപ്ലൈസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഗോഡൗണുകളിൽ ഉണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ നേരത്തേ പറഞ്ഞിരുന്നു. ചരക്കു ട്രെയിനുകൾക്കും വാഹനങ്ങൾക്കും നിരോധനമില്ലാത്തതിനാൽ തന്നെ ഭക്ഷ്യധാന്യത വിതരണത്തിൽ പ്രതിസന്ധി ഉണ്ടാവിലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.