അടച്ചിടൽ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പ്

തിരുവനന്തപുരം: രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി സമർപ്പിച്ച മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർ കടുത്ത ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇരുപത്തി ഒന്ന് ദിവസത്തെ സമ്പൂർണ്ണ അടച്ചിടലാണ് നിലവിൽ വന്നത്. ദുരന്ത നിവാരണ നിയമം 2005 പ്രകാരമാണ് രാജ്യത്ത് ലോക്ക് ഡൌൺ നടപ്പിലാക്കുന്നത്. വൈറസ് ബാധ തടയുന്നതിനായാണ് രാജ്യത്ത് ലോക്ക് ഡൌൺ നടപ്പിലാക്കുവാൻ ദുരന്ത നിവാരണ അതോറിറ്റി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്.
ലോക്ക് ഡൌൺ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൃത്യമായ മാർഗനിർദേശങ്ങളും അതോറിറ്റി കേന്ദ്ര സർക്കാരിന് നൽകിയിട്ടുണ്ട്.
ഐപിസി സെക്ഷൻ 51- 60 പ്രകാരമുള്ള മാർഗ്ഗനിര്ദേശങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്നത്. ഈ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള പിഴയും ശിക്ഷയും എന്തൊക്കയാണ് എന്ന് പരിശോധിക്കാം.

1 തടസ്സം (സെക്ഷൻ 51)
കടമ നിർവഹണത്തിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരെ തടയുകയോ, നിയമപ്രകാരമുള്ള മാർഗനിർദേശങ്ങൾ ലംഖിക്കുകയോ ചെയ്‌താൽ ഒരു വര്ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. ഒരാളുടെ പ്രവർത്തികൾ മൂലം (അതായത് പൗരന്റെ അശ്രദ്ധ മൂലം) വൈറസ് അന്യരിലേക്ക് പടർന്നു പിടിക്കുകയും മരണം സംഭവിക്കുകയൂം ചെയ്‌താൽ രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കും.

2 തെറ്റായ മുന്നറിയിപ്പുകൾ ( സെക്ഷൻ 54 )
കൊറോണ വൈറസ് ബാധയെ കുറിച്ച് സമൂഹത്തിൽ അനാവശ്യമായ ഭീതി പടർത്തുന്ന വിധത്തിൽ ഉള്ള പ്രചാരണങ്ങൾ നടത്തിയാൽ ഒരു വർഷം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കും

3 ആനുകൂല്യങ്ങൾക്ക് വേണ്ടിയുള്ള തെറ്റായ അവകാശം (സെക്ഷൻ 52 )
കൊറോണ വൈറസ് ബാധയെ തുടർന്ന് ദിവസ വേതനക്കാരുടെ വരുമാനം നിലച്ചിരിക്കുകയാണ്. എന്നാൽ സർക്കാർ ഇവർക്ക് വേണ്ടി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന ആനുകൂലങ്ങൾക്ക് മേൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചാൽ രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കും

4 പണത്തിന്റെയോ വസ്തുക്കളുടെയോ ദുരുപയോഗം (സെക്ഷൻ 53 )
ദുരന്ത നിവാരണത്തിനായി മാറ്റിവെച്ചിരിക്കുന്ന പണം വക മാറ്റി ചിലവഴിക്കുകയാണെങ്കിൽ രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കും

5 ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർ പരാജയപ്പെട്ടാൽ (സെക്ഷൻ 56 )
രാജ്യത്ത് ലോക് ഡൌൺ കൃത്യമായി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും മുൻ‌കൂർ അനുമതിയില്ലാതെ വിട്ടു നിന്നാൽ ഒരു വർഷം വരെ തടവ് ലഭിക്കും

6 അഭ്യർഥന അനുസരിക്കുവാൻ വിസ്സമ്മതിക്കുക (സെക്ഷൻ 57)
ദുരന്ത നിർവഹണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളുടേയോ, കെട്ടിടങ്ങളുടെയോ സേവനം ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട ഉടമസ്ഥർ അത് നൽകേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം വരെ തടവ് ലഭിക്കും.
ലോക് ഡൌൺ നിയന്ത്രണങ്ങൾ പാലിക്കാത്ത പൗരനെതിരെ ഐപിസി സെക്ഷൻ 188 പ്രകാരവും പോലീസിന് നടപടി എടുക്കാം. ഈ വകുപ്പ് പ്രകാരം നിയമ ലംഘനം നടത്തുന്ന പൗരനെതിരെ ഒരു മാസം തടവും 200 രൂപ പിഴയും ലഭിക്കും.
അനുസരണക്കേട് മൂലം ഒരു പൗരന്റെ ജീവനോ ആരോഗ്യത്തിനോ ആപത്തുണ്ടായാൽ ആറ് മാസം തടവും 1000 രൂപ പിഴയും ശിക്ഷ ലഭിക്കും.