ന്യൂഡൽഹി: കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകൾ അടച്ചുപൂട്ടണമെന്ന മെന്ന നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. വൈറസ് വ്യാപനം തടയാൻ അടച്ചുപൂട്ടൽ കർശനമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകി.രാജ്യത്തെ 75 ജില്ലകൾ അടച്ചിടാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതെ തുടർന്ന് ജമ്മുകശ്മീർ,ജാർഖണ്ഡ്, ബിഹാർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ,ആന്ധ്ര പ്രദേശ്, തെലങ്കാന, നാഗാലാൻഡ് സംസ്ഥാനങ്ങൾ 31 വരെ അടച്ചിരിക്കയാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
മെട്രോ, സബർബൻ ഉൾപ്പെടെ മുഴുവൻ യാത്രാതീവണ്ടികളും ഈ മാസം 31 വരെ നിർത്തിവെക്കാനും തീരുമാനിച്ചു. അന്തഃസംസ്ഥാന ബസ് സർവീസുകളും നിർത്തി വച്ചിരുന്നു.
സംസ്ഥാന ചീഫ് സെക്രട്ടറിമാർ, കേന്ദ്ര കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ ഉന്നതതല യോഗത്തിലാണ് കൊറോണ സ്ഥിരീകരിച്ച 75 ജില്ലകൾ അടച്ചിടാൻ നിർദേശിച്ചത്.
കേരളത്തിൽ രോഗബാധിതർ കൂടുതലുള്ള കാസർകോട് അടച്ചിട്ട പോലെയാണ്.
പതിനൊന്ന് ജില്ലകളിൽ കൊറോണ സ്ഥിരീകരിച്ചതോടെ കേരളവും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.