ഒളിമ്പിക്സ് നീട്ടിവയ്ക്കാൻ സാധ്യത ;പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയ

ഏതൻസ്: ലോകമെങ്ങും കൊറോണ വ്യാപന ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ടോക്കിയോയിൽ ഈ വർഷം നടക്കേണ്ട ഒളിമ്പിക്സ് നീട്ടിവയ്ക്കുമെന്ന് സൂചന. ഒളിമ്പിക്സ് റദ്ദാക്കില്ലെന്നും മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് നാലാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് അറിയിച്ചു. അതേ സമയം തങ്ങൾ ഒളിമ്പിക്സിൽ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയൻ ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചു. കാനഡയും നേരത്തേ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒമ്പത് വരെ ഒളിമ്പിക്സ് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. മൂന്നു മാസം കൂടി കൊറോണ ഭീഷണി തുടരുമെന്നാണ് വിദഗ്ധാഭിപ്രായം. വിലയിരുത്തൽ തെറ്റിയാൽ
ഒളിമ്പിക്സിനെ അത് ബാധിക്കും. ഈ പശ്ചാത്തലത്തിൽ ഒളിമ്പിക്സ് നീട്ടി വയ്ക്കാൻ വലിയ സമ്മർദമാണ് ഐ.ഒ.സി നേരിടുന്നത്.
നോർവേ, കൊളംബിയ, സ്ലോവേനിയ എന്നീ രാജ്യങ്ങൾക്കു പിന്നാലെ ബ്രസീലും ഗെയിംസ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയും നേരത്തെ പറഞ്ഞിരുന്നു. ഒളിമ്പിക്സ് റദ്ദാക്കില്ലെന്നും എന്നാൽ നീട്ടി വയ്ക്കേണ്ടി വേണ്ടിവരുമെന്നും ഷിൻസോ മുന്നറിയിപ്പ് നൽകി.