തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ കൊറോണയുടെ മറവിൽ സംസ്ഥാന സർക്കാർ തിരിച്ചെടുത്തു. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമൻ കോവിഡ് 19 സ്‌പെഷ്യല്‍ ഓഫീസറായാണ് നിയമനം.ഈ സാഹചര്യത്തിൽ ശ്രീറാമിന് നിയമനം നൽകിയാൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം തടയാനാകുമെന്നാണ് ചിലർ നൽകിയ ഉപദേശം.
വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ ശ്രീറാം കുറ്റക്കാരനെന്ന് പറയുന്നില്ലെന്നാണ് സര്‍ക്കാര്‍ ഇതിന് നൽകുന്ന വിശദീകരണം.
കെഎം ബഷീറ് കാര്‍ ഇടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ചയ് ഗാര്‍ഗ് ഐ എ എസിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണത്രേ നിയമനം. കുറ്റക്കാരനെന്ന് തെളിയും വരെ സര്‍വ്വീസില്‍ നിന്ന് പുറത്ത് നിര്‍ത്തേണ്ട കാര്യമില്ലെന്ന വിലയിരുത്തലും ഉണ്ട്. കൂടുതല്‍ അന്വേഷണം, നടത്താനും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനമെന്നും പറയുന്നു.
സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നേരത്തെ ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനെ സമീപിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച് ജീവനെടുത്ത കേസില്‍ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. കാറോടിച്ചില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടും ലഹരി പരിശോധനക്ക് വിധേയനാകാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു.