ഭോപ്പാൽ: അവസാന നിമിഷ മാജികിന് കാത്തിരുന്ന കോൺഗ്രസ് നേത്യത്വത്തെ നിരാശരാക്കി മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു. നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമൽനാഥിന്റെ രാജി.കമൽനാഥ് ഗവർണർക്ക് രാജിക്കത്ത് നൽകി. ഇതോടെ സംസ്ഥാനത്തെ 15 മാസം നീണ്ട കോൺഗ്രസ് ഭരണത്തിന് അവസാനമായി. ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതോടെയാണ് മധ്യപ്രദേശിൽ ഭരണ പ്രതിസന്ധിയുണ്ടായത്. ഇതോടെ കുതിരക്കച്ചവടത്തിലൂടെ ബിജെപി വീണ്ടും ഭരണത്തിലെത്താൻ സാധ്യത തെളിഞ്ഞു.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന്
വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് കമൽനാഥ് തീരുമാനിച്ചിരുന്നത്.സിന്ധ്യക്കൊപ്പം പോയവരെ തിരിച്ചുപിടിക്കാൻ നടത്തിയ ദിഗ് വിജയ് സിംഗിന്റെയും കമൽനാഥിന്റെയും നീക്കങ്ങൾ വിജയിച്ചില്ല. ഇതിനിടെ
രാജിവെച്ച 22 എംഎൽഎമാരിൽ 16 പേരുടെ രാജി ഇന്നലെ രാത്രി സ്പീക്കർ എൻ.പി. പ്രജാപതി സ്വീകരിക്കുകയും ചെയ്തു. ആറ് പേരുടെ രാജി നേരത്തേ സ്വീകരിച്ചിരുന്നു. രാജികൾ സ്വീകരിച്ചതോടെ കോൺഗ്രസ് എംഎൽഎമാരുടെ സംഖ്യ 98 ആയി കുറഞ്ഞു. 107 അംഗങ്ങളുള്ള ബിജെപിക്ക് ഇവരെ ഒപ്പം നിർത്താൻ കഴിഞ്ഞു. ഒരു ബിജെപി എംഎൽഎയെ അടർത്തിയെടുക്കാനേ കമൽനാഥിന് കഴിഞ്ഞുള്ളു.
ഈ സാഹചര്യത്തിൽ അട്ടിമറിയിലൂടെയല്ലാതെ കമൽനാഥിന് വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാനാകുമായിരുന്നില്ല. അതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് കമൽനാഥ് രാജി പ്രഖ്യാപിച്ചത്.