ആലപ്പുഴ: പുളിങ്കുന്നിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഏഴു പേരുടെ നില ഗുരുതരമാണ്.ഇവർക്ക് 90 ശതമാനത്തിൽ അധികം പൊള്ളലേറ്റിട്ടുണ്ട്.
പുളിങ്കുന്ന് പഞ്ചായത്ത് എട്ടാം വാർഡ് അംഗം മറിയാമ്മ ജോസഫിന്റെ ഭർത്താവ് റെജി, മീനു, ബിന്ദു, ഷേർളി, സിദ്ധാർഥൻ, സരസമ്മ, ഓമന, ഷീല, ഏലിയാമ്മ എന്നിവർക്കാണ് പരിക്കേറ്റത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഉച്ചകഴിഞ്ഞ് രണ്ടരയോടെ പുളിങ്കുന്ന് ഫൊറോന പള്ളിക്കു സമീപമുള്ള പടക്കനിര്‍മാണ ശാലയിലാണ് തീപിടുത്തമുണ്ടായത്.കൊച്ചുമോൻ ആന്റണിയുടെ ഉടമസ്ഥത തയിലുള്ള പടക്കനിർമ്മാണശാലയിലാണ് തീപിടുത്തം. വിൽപ്പനയ്ക്ക് മാത്രം ലൈസൻസ് ഉണ്ടായിരുന്ന പടക്ക നിർമാണ ശാലയുടെ രണ്ടു ഷെഡുകളാണ് തീപിടുത്തത്തിൽ പൊട്ടിത്തെറിച്ചത്. രണ്ടു ഷെഡുകളും പൂർണമായും കത്തിനശിച്ചു. മാർച്ച് 31 ൽ കാലാവധി തീരുന്ന പടക്ക വില്‍പ്പനയ്ക്കുള്ള ലൈസൻസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ആക്ഷേപമുണ്ട്.അതു പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും വിൽക്കാൻ മാത്രമേ അനുവാദമുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചങ്ങനാശേരി, ആലപ്പുഴ, തകഴി എന്നിവടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. പോലീസ് വിശദമായ പരിശോധന ആരംഭിച്ചു.