അന്യ സംസ്ഥാന യാത്രക്കാർക്ക് തമിഴ്നാട്ടിൽ കർശന നിരീക്ഷണം

ചെന്നൈ: കേരളമുൾപ്പെടെയുള്ള കൊറോണ ബാധിത സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് തമിഴ്നാട്ടിൽ നിരീക്ഷണം കർശനമാക്കി. കേരളം, കർണാടക, മഹാരാഷ്ട്ര ഉൾപ്പടെയുള്ള കൊറോണ ബാധിത സംസ്ഥാനങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് തമിഴ്നാട് സർക്കാർ നിർദേശം. കേരള-തമിഴ്നാട് അതിർത്തിയിൽ ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി എന്നിവ അണമുക്തമാക്കിയ ശേഷമാണ് കടത്തിവിടുന്നത്. കേരളത്തിലേക്കുള്ള നാല് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. പ്രത്യേക പരിശോധനയ്ക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ദൗത്യസംഘത്തെ നിയമിച്ചതായി തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു.

യാത്രക്കാരുടെ കുറവ് മൂലം ട്രെയിനുകൾ റദ്ദാക്കുന്നുവെന്നാണ് അറിയിപ്പ്. മാളുകൾ, തീയേറ്ററുകൾ, ബാറുകൾ എന്നിവയെല്ലാം തമിഴ്‌നാട്ടിൽ അടച്ചു. ജനങ്ങൾ ഏറെയെത്തുന്ന ചന്തകളും പ്രവർത്തിക്കുന്നില്ല. ട്രെയിനുകളിലും ബസുകളിലുമായി എത്തുന്ന സംസ്ഥാനാന്തര യാത്രക്കാരെ തെർമ്മൽ ടെസ്റ്റിങ്ങ് നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോകുന്ന മൂന്ന് ഗെയ്റ്റുകളിലും വൈദ്യസംഘത്തെ നിയോഗിച്ചു. ചെന്നൈ സെൻട്രൽ തിരുവനന്തപുരം എസി എക്സ്പ്രസ് ,വേളാങ്കണി എറണാകുളം സ്പെഷ്യൽ ട്രെയിനുകൾ റദാക്കി.