ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ആരാച്ചാർ പവൻ ജല്ലാഡ് ഇന്ന് രാവിലെ ഡല്‍ഹി തിഹാര്‍ ജയിലില്‍ പരീക്ഷണ തൂക്കൽ നടത്തി. അന്തിമ ശിക്ഷ നടപ്പാക്കാൻ ഇനി മണിക്കൂറുകൾ ബാക്കി. പ്രതികളെ തൂക്കിലേറ്റുന്നതിന് മുൻ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. വെള്ളിയാഴ്ച പുലർച്ചെ 5.30ന് ആണ് നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കുന്നത്.
ഓരോ കുറ്റവാളിയുടെയും തൂക്കത്തിന്റെ ഇരട്ടി ഭാരം വരുന്ന മണല്‍ ചാക്കുകളാണ് ഡമ്മിയായി തൂക്കിയത്. ജയില്‍ ഉദ്യോഗസ്ഥരുടെയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം. നാല് കുറ്റവാളികളേയും ഒരുമിച്ച് തൂക്കാൻ സാധിക്കുന്ന പുതിയ കഴുമരത്തിലായിരുന്നു ഡമ്മി പരീക്ഷണം. ഇവയുടെ ബലം കഴിഞ്ഞ ദിവസം പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കിയിരുന്നു.
നാലുപേരെയും ഒരുമിച്ചാവും തൂക്കിലേറ്റുക. കുടുംബാംഗങ്ങളുമായുള്ള പ്രതികളുടെ അന്തിമ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയായി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി പ്രതികള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
നിയമപരമായ എല്ലാ വഴികളും അടഞ്ഞതോടെ വധശിക്ഷ മാറ്റിവയ്പ്പിക്കാനുള്ള അവസാന മാർഗം തേടി പ്രതി അക്ഷയ് കുമാർ സിംഗിന്റെ ഭാര്യ രംഗത്തുവന്നു. തനിക്ക് ഭർത്താവിൽനിന്നും വിവാഹമോചനം വേണമെന്നാണ് ഇവരുടെ ആവശ്യം. ഭർത്താവിനെ തൂക്കിലേറ്റും മുൻപ് വിവാഹമോചനം വേണമെന്ന് ഇവർ കുടുംബ കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.
ഭർത്താവിനെ തൂക്കിലേറ്റിയാൽ താൻ വിധവയാകുമെന്നും അതിനാൽ തൂക്കിലേറ്റും മുൻപ് വിവാഹമോചനം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ഈ കേസ് അനുവദിക്കപ്പെട്ടാൽ കുറച്ചുകാലം കൂടിയെങ്കിലും ഭർത്താവിന്റെ ആയുസ് നീട്ടിയെടുക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇതിന്റെ പേരിൽ വധശിക്ഷ നീട്ടിവയ്ക്കാനാകില്ലെന്ന് നിയമ വിദഗ്ധർ പറയുന്നു. എന്നാൽ നിയമത്തിന്റെ പഴുതുകൾ പ്രയോജനപെടുത്തുക എന്ന തന്ത്രമാണ് പ്രതികളുടെ അഭിഭാഷകർ അവസാനം വരെ തുടരുന്നതെന്ന് ആക്ഷേപം ഉണ്ട്.