ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ അനിവാര്യമാണെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ പൗരന്മാരെയും പൗരത്വമില്ലാത്തവരെയും തിരിച്ചറിയാൻ ഇത് നടപ്പാക്കണമെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലീം ലീഗ് ഉൾപ്പടെ ഫയൽ ചെയ്ത റിട്ട് ഹർജികളിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ദേശീയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് ആവർത്തിച്ചത്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവർക്കെതിരെ നടപടി എടുക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ധാർമിക ഉത്തരവാദിത്വം ആണെന്ന് സർക്കാർ പറയുന്നു.
പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ ആലോചിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കുമ്പോഴാണ് രജിസ്റ്റർ അനിവാര്യമാണെന്ന നിലപാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ല. എന്നാൽ രജിസ്റ്റർ നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത വിശദീകരിച്ചിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാർക്കെതിരെ നിയമപരമായ നടപടി എടുക്കുന്നതിനുള്ള വിവേചന അധികാരം സർക്കാരിന് ഉണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ താമസിക്കാനുള്ള അവകാശം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാൻ ആകില്ലെന്നും സർക്കാർ വിശദീകരിച്ചിട്ടുണ്ട്.
അതേസമയം പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരുടെ നിലവിലുള്ള നിയമപരമോ, ജനാധിപത്യപരമോ, മതേതരമോ ആയ അവകാശങ്ങളെ ഹനിക്കില്ല എന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. പൗരത്വവുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് പാർലമെന്റിന് അധികാരമുണ്ട്. ഈ അധികാരം കോടതിയിൽ ചോദ്യം ചെയ്യാൻ ആകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടർ ബി.സി ജോഷി ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ വിഭജനം തന്നെ മതാടിസ്ഥാനത്തിൽ ആയിരുന്നു. പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങൾ ഏതാണെന്ന് തീരുമാനിക്കാൻ പാർലമെന്റിന് അധികാരം ഉണ്ട്. മതപീഡനം അനുഭവിക്കുന്ന അഹമ്മദിയ, ഷിയ വിഭാഗങ്ങളെ എന്തുകൊണ്ടാണ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താത്തത് എന്നും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തിൽ പെട്ടവർക്ക് ഇടയിൽ പീഡനം അനുഭവിക്കുന്നവർക്ക് ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന അവകാശം നൽകാൻ കഴിയില്ല എന്നും മറുപടിയിൽ കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് മുസ്ലീങ്ങളെ മാത്രം ഒഴിവാക്കി എന്ന വാദം തെറ്റാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയിലെ തമിഴ് ഹിന്ദുക്കളെയും, ടിബറ്റിലെ ബുദ്ധമത വിശ്വാസികളെയും ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് സർക്കാരിന്റെ വിശദീകരണം. ഭരണഘടനയുടെ 14-ാം അനുച്ഛേദം തുല്യത ഉറപ്പാക്കുന്നുണ്ടെങ്കിലും എല്ലാ നിയമങ്ങളിലും അത് ബാധകമല്ല. 1200 ൽ അധികം പേജുകൾ അടങ്ങുന്നത് ആണ് മറുപടി സത്യവാങ്മൂലം.