ഗുവാഹത്തി: രാജ്യസഭാംഗ്വത്വമാകാനുള്ള ക്ഷണം എന്തിന് സ്വീകരിച്ചു എന്ന ചോദ്യത്തിനുള്ള മറുപടി സത്യപ്രതിജ്ഞ ചെയ്ത ശേഷം പറയാമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒരുപാട് കാര്യങ്ങൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൊഗോയിയെ രാജ്യസഭയിലേക്കുള്ള നിയമനത്തിനെതിരെ രൂക്ഷ പ്രതികരണം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ജുഡീഷ്യറിക്കും പാർലമെൻറിനും ഇടയ്ക്കുള്ള നല്ല ബന്ധത്തിന് വേണ്ടിയാണ് പദവി സ്വീകരിക്കുന്നതെന്ന് ഗൊഗോയി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യതാല്പര്യത്തിന് ജുഡീഷ്യറിയും പാർലമെൻറും ഒന്നിച്ച് പ്രവർത്തിക്കണം. എങ്കിലേ പുരോഗതിയിലേക്ക് എത്താന്‍ സാധിക്കൂ. പാര്‍ലമെന്‍റില്‍ സ്വതന്ത്രശബ്ദമാകാന്‍ ദൈവം തനിക്ക് ശക്തി നല്‍കട്ടേയെന്നും ഗൊഗോയി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പ്രസിദ്ധികരിച്ച വിജ്ഞാപനത്തിലാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് മുന്‍ ചീഫ് ജസ്റ്റിസിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ജൂഡീഷ്യറിയുടെ നിലപാടുകൾ പാർലമെന്റിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും ഗൊഗോയി പ്രതികരിച്ചു.