കുവൈറ്റ് :ലോകമെങ്ങും കൊറോണ (കോവിഡ്- 19) വൈറസ് ഭീതി ഉയർത്തുന്ന സാഹചര്യത്തിൽ കുവൈറ്റിലേക്കുള്ള വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി വച്ചു. ഈ മാസം 26 വരെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നീട്ടുമെന്നാണ് സൂചന. സിനിമാ തിയറ്ററുകളും, ഹോട്ടൽ ഹാളുകളും അടച്ചിടാനും വിവാഹച്ചടങ്ങുകൾ ഉൾപ്പെടെ എല്ലാ ആഘോഷ പരിപാടികൾ ഒഴിവാക്കാനും സർക്കാർ നിർദേശം നൽകി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ജനങ്ങൾ ഒത്തുചേരുന്നത് ഒഴിവാക്കാനാണ് തിയറ്ററുകളും ഹാളുകളും അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്.
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് കർശന പ്രതിരോധ നടപടികൾ. പലയിടങ്ങളിലും മലയാളികൾ അടക്കമുള്ളവർ വീടുകളിൽ തന്നെ കഴിയുകയാണ്. 65 പേർക്കാണു കുവൈറ്റിൽ രോഗ ബാധ സ്ഥിരീകരിച്ചിരിച്ചത്. കൂടാതെ അസർബൈജാനിൽ നിന്നെത്തിയ ഈജിപ്റ്റുകാരന് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തുടനീളം വ്യാപക നിരീക്ഷണം നടത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിവാഹ ചടങ്ങുകൾ ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്നും ജനങ്ങൾ ഒത്തുചേരുന്നത് ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഷെയ്ഖ് സബാഹിന്റെ നിർദേശ പ്രകാരം കുവൈറ്റ് അന്താരാഷ്ട്ര വിമാന താവളത്തിൽ അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തേക്ക് വരുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും. കുവൈറ്റിലെത്തുന്ന വിദേശികൾ 72 മണിക്കൂറിനുള്ളിൽ വിദഗ്ധ പരിശോധനക്ക് ആരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന നിർദ്ദേശമുണ്ട്. വീഴ്ച വരുത്തിയാൽ പിഴയും തടവും ശിക്ഷ ലഭിക്കും.
കുവൈറ്റ് ഓയിൽ കമ്പനി ഉൾപ്പെടെ സ്വകാര്യ കമ്പനികൾ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ജീവനക്കാരോട് വീടുകളിൽ രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു.
മലയാളികൾ ധാരളമുള്ള അബ്ബാസിയയിൽ സ്വകാര്യ ഓഡിറ്റോറിയങ്ങൾ അടഞ്ഞു കിടക്കുകയാണ്. പ്രത്യേക പ്രാർത്ഥനകൾക്കും നൂറു കണക്കിന് മലയാളി സംഘടനകളുടെ വാരാന്ത്യ ഒത്തു ചേരലുകൾക്കും ഉപയോഗിച്ചിരുന്ന ഹാളുകളാണ് അടഞ്ഞു കിടക്കുന്നത്. ഹോട്ടലുകളും കച്ചവട കേന്ദ്രങ്ങളും തിരക്ക് ഒഴിഞ്ഞ നിലയിലാണ്. ഗതാഗത തിരക്കും താരതമ്യേന വളരെ കുറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്കൊഴികെയുള്ള യാത്രകൾ എല്ലാവരും ഒഴിവാക്കിയിട്ടുണ്ട്.