സംസ്ഥാനത്ത് 12 പേര്‍ക്ക് കൊറോണ; ഇറ്റലി കുടുംബത്തിന്റെ മാതാപിതാക്കള്‍ക്കും വൈറസ് ബാധ

തിരുവനന്തപുരം:ഇറ്റലിയിൽനിന്നെത്തിയവരുടെ മാതാപിതാക്കൾക്കടക്കം ആറുപേർക്ക് കൂടി കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ചവരെക്കൂടാതെ ഇവരെ വിമാനത്താവളത്തിൽ വിളിക്കാൻ പോയ കോട്ടയത്തെ രണ്ടുപേർക്കും, ഇവർ സന്ദർശനം നടത്തിയ റാന്നി വടശേരിക്കരയിലെ വീട്ടിലെ രണ്ടുപേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ച നാലുപേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേർ പത്തനംതിട്ടയിലെ ആശുപത്രിയിലും ഐസോലേഷൻ വാർഡിലും ചികിത്സയിലാണ്.
ഇതുവരെ 15 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചതെന്നും ഇതിൽ നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേർ രോഗമുക്തി നേടിയെന്നും മന്ത്രി പറഞ്ഞു.
നിലവിൽ 1116 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 967 പേർ വീടുകളിലും 147 പേർ ആശുപത്രികളിലുമാണ്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇക്കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.