മദ്യലഹരിയിലോടിച്ച കാര്‍ പാഞ്ഞുകയറി വിദ്യാർഥിനികളടക്കം എട്ടുപേര്‍ക്ക് പരിക്ക്

ചേർത്തല: പൂച്ചാക്കലിൽ മദ്യലഹരിയിൽ ഓടിച്ച കാർ പാഞ്ഞുകയറി വിദ്യാർഥിനികളടക്കം എട്ടു പേർക്ക് പരിക്കേറ്റു. നാലു വിദ്യാർഥിനികൾക്കും ബൈക്കുയാത്രക്കാർക്കുമാണ് പരിക്കേറ്റത്. ചിലരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു അപകടം.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡിലെ പാലത്തിന്റെ വശം ചേർന്ന് നടന്നുപോവുകയായിരുന്ന മൂന്ന് വിദ്യാർഥിനികളെയാണ് ഇടിച്ചുതെറിപ്പിച്ചത്.ഇടിയുടെ ആഘാതത്തിൽ കുട്ടികൾ തോട്ടിലേക്ക് തെറിച്ചുവീണു. തൊട്ടുപിന്നാലെ സൈക്കിളിൽ പോവുകയായിരുന്ന ഒരു വിദ്യാർഥിനിയെയും ഇടിച്ചുതെറിപ്പിച്ചു. പിന്നീട് സമീപത്തെ വൈദ്യുതി .പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ശ്രീകണ്ഠേശ്വരം സ്കൂളിലെ വിദ്യാർഥിനികളായ അനഘ, അർച്ചന, ചന്ദന, രാഖി എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഒരു ബൈക്ക് ഇടിച്ചിട്ട ശേഷമാണ് കാർ
വിദ്യാർഥിനികളുടെ മേൽ പാഞ്ഞുകയറിയത്. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ ലഭ്യമല്ല. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്.
പരിസരവാസിയായ മനോജ് എന്നയാളുടെ കാറാണ് അപകടം സൃഷ്ടിച്ചത്. ഒരാഴ്ച മുമ്പ് മറ്റൊരാളിൽ നിന്ന് വാങ്ങിയ വാഹനമാണിത്. അപകടസമയത്ത് മനോജും ഇതരസംസ്ഥാനക്കാരനായ മറ്റൊരാളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, ചേർത്തലയിലെ ഒരു സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.